mimi

കൊൽക്കത്ത: വ്യാജ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് വാക്സിൻ സ്വീകരിച്ച ബംഗാളിൽ നിന്നുള്ള തൃണമൂൽ എം പി മിമി ചക്രബർത്തിക്ക് സുഖമില്ലാതായി. നാല് ദിവസം മുമ്പായിരുന്നു ദക്ഷിണ കൊൽക്കത്തയിൽ നടന്ന ഒരു വ്യാജ വാക്സിനേഷൻ ക്യാമ്പിൽ നിന്നും മിമി വാക്സിൻ എടുത്തത്. ഐ എ എസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ദെബാഞ്ജൻ ദേബ് എന്ന വ്യക്തിയാണ് വാക്സിനേഷൻ ക്യാമ്പ് നടത്തിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുനിസിപാലിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാക്സിനേഷൻ ക്യാമ്പ് ആണെന്ന് തെറ്റദ്ധരിപ്പിച്ചായിരുന്നു തന്നെ അവിടെ കൊണ്ടു പോയത് എന്ന് മിമി പറഞ്ഞു. വാക്സിൻ എടുത്ത ശേഷം അതിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും കൊവിൻ സൈറ്റിൽ പ്രത്യക്ഷപ്പെടാതെ വന്നതോടു കൂടിയാണ് മിമിക്ക് ക്യാമ്പിനെകുറിച്ച് സംശയം ജനിച്ചത്.

ദെബാഞ്ജൻ ഇത്തരത്തിലുള്ള രണ്ട് ക്യാമ്പുകൾ നടത്തിയിട്ടുണ്ടെന്നും ഇവിടെ വിതരണം ചെയ്ത വാക്സിനുകളുടെ കാലാവധിയിൽ സംശയമുണ്ടെന്ന പൊലീസിന്റെ അഭിപ്രായം കൊൽക്കത്തയിൽ ആകെ പരിഭ്രാന്തി പരത്തിയിരുന്നു. വാക്സിൻ എടുത്തെങ്കിലും തനിക്ക് ഇതു വരെ ശാരീരിക അസ്വസ്ഥതകളൊന്നുമില്ലെന്ന് കാണിക്കുന്നതിനു വേണ്ടി മിമി കഴിഞ്ഞ ദിവസം സാമൂഹിക മാദ്ധ്യമങ്ങളിൽ ലൈവ് വന്നിരുന്നു. ഇതിനു പിറകേയാണ് അഭിനേത്രി കൂടിയായ മിമിക്കു സുഖമില്ലാതായിരിക്കുന്നത്. ആശുപത്രിയിലേക്ക് മാറണമെന്ന് മിമിയുടെ കുടുംബ ഡോക്ടർ ആവശ്യപ്പെട്ടെങ്കിലും വീട്ടിൽ തന്നെ തുടരാനാണ് അഭിനേത്രി കൂടിയായ എം പിയുടെ തീരുമാനം.

അതേസമയം ദെബാഞ്ജൻ ദേബ് നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ വിതരണം ചെയ്ത വാക്സിനുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും 3- 4 ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നും പൊലീസ് അറിയിച്ചു