തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെളളക്കെട്ടിനിടയാകുന്ന പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രിമാരുടെ സംഘം. വെളളം ഒഴുകിപ്പോകേണ്ട തോടുകൾ വ്യാപകമായി കൈയേറിയതാണ് തലസ്ഥാന നഗരിയിൽ വെളളക്കെട്ടിന് ഒരു പരിധിവരെ കാരണമാകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. വെളളക്കെട്ട് തലസ്ഥാന ജില്ലയുടെ മാത്രം പ്രശ്‌നമല്ലെന്നും കേരളമാകെ ഇത്തരം പ്രശ്‌നമുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പരസ്യകമ്പനികൾ സ്ഥലം കൈയേറിയത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയടക്കം ഇങ്ങനെ കൈയേറിയിട്ടുണ്ട്. ഈ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ തീരുമാനിച്ചു. ഒപ്പം കൈയേറ്റം തടയാൻ കർശന നടപടിയുമുണ്ടാകും. കൈയേറ്റം നടത്തിയവർക്കെതിരെ മുഖംനോക്കാതെ നടപടിയാകും ഉണ്ടാകുകയെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു, റോഷി അഗസ്‌റ്റിൻ എന്നിവരാണ് വിവിധയിടങ്ങൾ സന്ദർശിച്ചത്. നഗരത്തിലെ വിവിധ തോടുകളുടെ നവീകരണത്തിന് 4.15 കോടി രൂപ അനുവദിച്ചതായും ആമയിഴഞ്ചാൻ തോട് നവീകരണത്തിന് 25 കോടി രൂപയുടെ പദ്ധതിയുണ്ടെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ അറിയിച്ചു. ഇതിന്റെ പ്രാരംഭ നടപടികൾക്കായി 45 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രനും കോർപറേഷനിലെ വിവിധ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടായിരുന്നു.