k-surendran

കോഴിക്കോട്: രാമനാട്ടുകര കേസിൽ സി പി എം പങ്കാളിത്തം തെളിഞ്ഞു വരുന്നതായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ക്വട്ടേഷൻ സംഘങ്ങൾക്കെല്ലാം സി പി എം ബന്ധമുണ്ട്. കേസിൽ അന്വേഷണം വഴി തെറ്റുകയാണ്. അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഒരു സി പി എം നേതാവിന്‍റെയാണ്. കാർ മാറ്റിയത് സി പി എം നേതാക്കളുടെ അറിവോടെയാണ്. കസ്റ്റംസ് അന്വേഷണവുമായി പൊലീസ് സഹകരിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

പൊലീസ് സഹായത്തോടുകൂടിയാണ് ക്രിമിനില്‍ സംഘം കാർ കടത്തിയത്. സ്വര്‍ണ കള്ളക്കടത്ത് പണം സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് മനസിലായിട്ടുണ്ട്. ഗുണ്ടാ സംഘങ്ങള്‍ക്ക് ലൈക്കടിക്കരുതെന്ന് ഫേസ്ബുക്കിലൂടെ പ്രസ്‌താവന ഇറക്കിയ ഡി വൈ എഫ്‌ ഐ നേതാവ് ഹലാല്‍-ഇസ്ലാമിക് ബാങ്കിന്‍റെ കണ്ണൂര്‍ ജില്ലയിലെ ചുമതലക്കാരനാണെന്നും സുരേന്ദ്രൻ പറഞ്ഞു.

രാമനാട്ടുകര അപകടത്തെ തുടര്‍ന്നുള്ള സ്വര്‍ണ കള്ളക്കടത്ത് കേസ് അന്വേഷണം പാര്‍ട്ടിയിലേക്ക് എത്തിയപ്പോള്‍ നിലച്ചിരിക്കുകയാണ്. ആകാശ് തില്ലങ്കേരിയും കൊടി സുനിയും അര്‍ജുന്‍ ആയങ്കിയുമൊക്കെ സി പി എമ്മിന്‍റെ ആളുകളാണ്. എന്നിട്ട് ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ 3,000 കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുമെന്നാണ് പറയുന്നത്. ആരെ പറ്റിക്കാനാണ് ജയരാജാ ഈ തട്ടിപ്പുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് ചോദിച്ച അദ്ദേഹം എന്തൊരു ബിഡലാണിതെന്നും പരിഹസിച്ചു.

കൊടുവള്ളിയിലെ കാരാട്ട് റസാഖിന്‍റെയും ഫൈസലിന്‍റെയും ബന്ധങ്ങളാണ്‌ സി പി എം കള്ളക്കടത്തിന് ഉപയോഗിക്കുന്നത്. സി പി എമ്മിന്‍റെ ക്വട്ടേഷന്‍ സംഘമാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് എന്നത് വ്യക്തമാണ്. തിരുവനന്തപുരത്തും ഇതുതന്നെയാണ് സംഭവിച്ചിട്ടുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.