മലയാളികളുടെ ആക്ഷൻ സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ. മോഹൻലാലും, പൃഥ്വിരാജുമുൾപ്പടെ നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആശംസയറിയിച്ച് രംഗത്തെത്തിയത്. ആരാധകരും തങ്ങളുടെ പ്രിയ താരത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകളറിയിക്കുന്നുണ്ട്.സുരേഷ് ഗോപിയ്ക്ക് മുൻപും പിൻപും താരങ്ങൾ ഒരുപാട് വന്നെങ്കിലും മലയാളികളുടെ മനസിൽ ഇപ്പോഴും ആക്ഷൻ കിംഗ് സുരേഷ് ഗോപി തന്നെയാണ്.
പൊലീസ് വേഷം ഇത്രയധികം ഇണങ്ങുന്ന താരം ഒരുപക്ഷേ മലയാള സിനിമയിൽ വേറെയുണ്ടാകില്ല. കമ്മീഷണർ, മാഫിയ, ഭരത് ചന്ദ്രൻ ഐപിഎസ്, നരിമാൻ, ട്വന്റി ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ഏകലവ്യൻ, നാദിയ കൊല്ലപ്പെട്ട രാത്രി, കിംഗ് ആൻഡ് കമ്മീഷണർ, തുടങ്ങി അദ്ദേഹം പൊലീസ് വേഷത്തിലെത്തിയ ചിത്രങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. മാസ് ഡയലോഗുകളാണ് കുട്ടികൾക്ക് പോലും സുരേഷ് ഗോപി ഇത്രയ്ക്കും പ്രിയങ്കരനാകാൻ കാരണം.
ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അദ്ദേഹം സിനിമയിലേക്ക് എത്തിയത്. 1986ൽ പുറത്തിറങ്ങിയ രാജാവിന്റെ മകനാണ് സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത്. കളിയാട്ടം, സമ്മർ ഇൻ ബത്‌ലഹേം, വാഴുന്നോർ, പത്രം, ലേലം, വരനെ ആവശ്യമുണ്ട് തുടങ്ങി പല ഭാഷകളിലായി അദ്ദേഹം ഇരുനൂറിലധികം ചിത്രങ്ങളുടെ ഭാഗമായി. ദേശീയ -സംസ്ഥാന അവാർഡുകളും സുരേഷ് ഗോപിയെ തേടിയെത്തി.
ടെലിവിഷൻ ഷോ അവതാരകൻ, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങിയ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സുരേഷ് ഗോപിയ്ക്ക് സാധിച്ചു. അദ്ദേഹത്തിന്റെ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. പരിപാടിയ്ക്കിടെ ദുരിതങ്ങൾ പറഞ്ഞെത്തിയ ഒരുപാട് ആളുകൾക്ക് അദ്ദേഹം താങ്ങായി. മറ്റുള്ളവരെ സഹായിക്കാനുള്ള ഈ മനസിനെ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവർ പോലും പ്രശംസിക്കാറുണ്ട്.
രാജ്യസഭാംഗമായ സുരേഷ് ഗോപി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും പരാജയം രുചിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയിലെ 'തൃശൂർ എനിക്ക് വേണം, തൃശൂർ എനിക്ക് തരണം, തൃശൂർ ഞാനിങ്ങെടുക്കുവാ' എന്ന പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1959ൽ കൊല്ലം ജില്ലയിൽ ഗോപിനാഥ പിള്ളയുടെയും ജ്ഞാനലക്ഷ്മയുടെയും മകനായിട്ടാണ് സുരേഷ് ഗോപി ജനിച്ചത്. രാധികയാണ് ഭാര്യ. മകൾ ലക്ഷ്മിയുടെ മരണം അദ്ദേഹത്തെ ഏറെ തകർത്തുകളഞ്ഞിരുന്നു. നടൻ ഗോകുൽ സുരേഷ്, ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവരാണ് മറ്റു മക്കൾ.