reshma

കൊല്ലം: കല്ലുവാതുക്കലിൽ കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ അറസ്റ്റിലായ അമ്മ രേഷ്‌മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ പൊലീസ് കണ്ടെത്തി. ഫേസ്ബുക്ക് സുഹൃത്തിന്‍റെ ഐ ഡി അനന്ദു എന്ന പേരിലാണെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ അനന്ദു എന്ന പേരിലുള്ള ഈ അക്കൗണ്ട് വ്യാജമെന്നാണ് പൊലിസിന്‍റെ സംശയം.

കാമുകനൊപ്പം പോകാന്‍ വേണ്ടിയാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നാണ് രേഷ്‌മ പൊലീസിന് മൊഴി നല്‍കിയത്. വര്‍ക്കലയില്‍ അടക്കം പല സ്ഥലങ്ങളിലും പോയിട്ടും രേഷ്‌മയ്ക്ക് അനന്ദുവിനെ കാണാന്‍ സാധിച്ചിരുന്നില്ല. അനന്ദുവിനോട് വാട്‌സാപ്പ് കോള്‍ വഴി സംസാരിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അജ്ഞാത കാമുകനെ കണ്ടെത്താനുളള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇന്നലെ ഇത്തിക്കരയാറില്‍ ചാടി ആത്മഹത്യ ചെയ്‌ത ഭര്‍തൃസഹോദരഭാര്യ ആര്യയുടെ മൊബൈല്‍ ഫോണാണ് രേഷ്‌മ ഉപയോഗിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുക ലക്ഷ്യമിട്ട് പൊലീസ് ആര്യയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ ഹാജരാകാതിരുന്ന ആര്യ, ബന്ധുവായ ഗ്രീഷ്‌മയ്‌ക്കൊപ്പം ഇത്തിക്കരയാറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.