third-wave

ന്യൂഡൽഹി: കൊവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് എപ്പോൾ വേണമെങ്കിലും ആരംഭിക്കാം. ആരോഗ്യ സംവിധാനത്തെയാകെ ഗുരുതരമായി ബാധിച്ച രണ്ടാം തരംഗത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് അടുത്ത ഘട്ട വ്യാപനത്തിനെ ഫലപ്രദമായി നേരിടാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ കരുതുന്നതുപോലെ മൂന്നാംഘട്ട വ്യാപനം രാജ്യത്ത് അത്ര ശക്തമാകില്ലെന്നാണ് വിദഗദ്ധർ നടത്തിയ പഠനത്തിൽ തെളിയുന്നത്.

ഐ.സി.എം.ആറും , ലണ്ടനിലെ ഇംപീരിയൽ കോളേജും ചേർന്ന് നടത്തിയ പഠനത്തിൽ മൂന്നാംഘട്ട വ്യാപനം അത്ര ശക്തമാകില്ലെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്. ഇതിന് കാരണം അതിദ്രുതം രാജ്യത്ത് നടത്തുന്ന വാക്‌സിനേഷനാണ്. പ്രതിദിനം 50-60 ലക്ഷം പേ‌ർക്കാണ് ഇപ്പോൾ വാക്‌സിൻ നൽകുന്നത്. ഇത് ഇനിവരുന്ന കൊവിഡ് തരംഗങ്ങളെ ഒരുപരിധിവരെ തടയും.

2020 ജനുവരി മാസത്തിലായിരുന്നു ഇന്ത്യയിൽ കൊവിഡ് ഒന്നാം തരംഗം ആരംഭിച്ചത്. വളരെ മെല്ലെ പുരോഗമിച്ച ഒന്നാംഘട്ട വ്യാപനം അതിന്റെ പാരമ്യത്തിലെത്തിയത് സെപ്തംബർ മാസത്തോടെയാണ്. മരണനിരക്കിലും കുറവുണ്ടായിരുന്നു.

എന്നാൽ 2021 ഫെബ്രുവരി മാസത്തിൽ ആരംഭിച്ച കൊവിഡിന്റെ രണ്ടാം തരംഗം അതിശക്തമായാണ് രാജ്യത്ത് ബാധിച്ചത്. ഓക്‌സിജൻ ക്ഷാമവും ആശുപത്രികളിൽ രോഗികളെ ചികിത്സിയ്‌ക്കാൻ സൗകര്യമില്ലായ്‌മയും മരണനിരക്കിലെ വർദ്ധനവും രണ്ടാംഘട്ടത്തിൽ രാജ്യത്തെ വീർപ്പുമുട്ടിച്ചു.

രണ്ടാംഘട്ട വ്യാപനത്തിന് കാരണം വ്യാപനശേഷി കൂടിയ ആൽഫാ വകഭേദത്തിന്റെയും ഡെൽറ്റാ വകഭേദത്തിന്റെയും സാന്നിദ്ധ്യമായിരുന്നു. ഇതിൽ ഡെൽറ്റാ വകഭേദം ഈയടുത്ത മാസങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്‌തു. കൊവിഡിന്റെ മൂന്നാം തരംഗം നിലവിൽ ബ്രിട്ടൺ, അമേരിക്ക ഉൾപ്പടെ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇവിടങ്ങളിൽ രോഗം പടരാൻ കാരണം മറ്റ് ഘടകങ്ങളാണെന്നും വിദഗദ്ധർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ രാജ്യത്ത് രണ്ടാംഘട്ട വ്യാപനം ശക്തമായ സ്ഥിതിക്ക് അതുപോലെ മൂന്നാംഘട്ടത്തിൽ വ്യാപനത്തിന് സാദ്ധ്യതയില്ല. വൈറസിന് പടർന്നുപിടിക്കാൻ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്നതിനുള‌ള സാദ്ധ്യതയുള‌ള സാഹചര്യം ആവശ്യമാണ്. മുൻപ് രോഗം ബാധിച്ച ജനതയുടെ 30 ശതമാനത്തിനെങ്കിലും രോഗപ്രതിരോധ ശേഷി നഷ്‌ടപ്പെടണം. അല്ലെങ്കിൽ രണ്ടാം ഘട്ട വ്യാപനം അവസാനിച്ച ഉടൻ ഓരോരുത്തരിൽ നിന്നും നാലോ അഞ്ചോ ആളുകളിലേക്ക് രോഗവ്യാപനം ഉണ്ടാകണം. രണ്ടാംഘട്ട വ്യാപനത്തിന് ശേഷം മൂന്ന് മാസം കൊണ്ട് ജനസംഖ്യയിൽ 40 ശതമാനത്തിനും രണ്ട് ഡോസ് വാക്‌സിനും നൽകാനായാൽ വ്യാപനം തടയാം.

നിലവിൽ കൊവിഡ് പ്രതിരോധ മാ‌ർഗമായ മാസ്‌ക് ഉപയോഗിക്കലും, ഒത്തുചേരലുകൾ നിയന്ത്രിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും അടുത്ത ഘട്ട വ്യാപനം നിയന്ത്രിക്കാൻ സഹായിക്കും. രണ്ടാംഘട്ട വ്യാപനത്തിന്റെ ആരംഭത്തിലും അവസാനത്തിലും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വരുത്തുന്ന ഇളവും മൂന്നാംഘട്ട വ്യാപനത്തിൽ നിർണായകമായി.