shan-muhammadh

കൊച്ചി: പോക്‌സോ കേസില്‍ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെയാണ് ലുക്കൗട്ട് നോട്ടീസ്. എറണാകുളം ജില്ലയിലെ പോത്താനിക്കോട് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

പ്രതിയായ ഇയാള്‍ ഒളിവിലാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു. പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് സഹായം ചെയ്‌തതിനാണ് ഇയാളെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തത്.

കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട് ഇടശേരിക്കുന്നേല്‍ റിയാസിനെ റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് സഹായം ചെയ്‌തതിനും ഭീഷണിപ്പെടുത്തിയതിനും വിവരം മറച്ചുവച്ചതിനും രണ്ടാംപ്രതിയാക്കി ഷാൻ മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തത്.

മൂവാറ്റുപുഴ ഡി വൈ എസ് പി, സി ജി സനല്‍കുമാറിന്‍റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണസംഘം കർണാടക, ഗോവ, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ ഷാൻ മുഹമ്മദിനായി അന്വേഷണം വ്യാപിപ്പിച്ചു. ഇയാൾ വിദേശത്തേക്ക് കടക്കാതിരിക്കാൻ നടപടികൾ എടുത്തിട്ടുണ്ട്. ഒളിവിൽ താമസിക്കാൻ സൗകര്യം നൽകിയവരെ കുറിച്ച് സൂചന ലഭിച്ചതായാണ് പൊലീസ് പറയുന്നത്.