ന്യൂഡൽഹി: രാജ്യസുരക്ഷയുടെ പേരിൽ നിരോധിച്ച ചൈനീസ് ആപ്പുകളിൽ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന ആപ്പ് ആയിരുന്നു പബ്ജി. ഗെയിമിംഗ് ആപ്പ് ആയ പബ്ജി കളിക്കാത്തവർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. ഇന്ത്യ പബ്ജി നിരോധിച്ചുവെങ്കിലും അന്ന് തന്നെ ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമായ രീതിയിൽ ഗെയിമിനെ രൂപകല്പന ചെയ്ത് മടങ്ങി വരുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. തുടർന്ന് ഗെയിം നിർമ്മാതാക്കളായ ക്രാഫ്റ്റോൺ ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന പേരിൽ പുതിയ ഗെയിം അനൗൺൺസ് ചെയ്തു. പ്രീബുക്കിംഗ് അനൗൺസ് ചെയ്തപ്പോൾ തന്നെ വമ്പൻ സ്വീകരണമാണ് ഇന്ത്യയിൽ ഈ പുതിയ ഗെയിമിന് ലഭിച്ചത്. നിർമ്മാതാക്കളുടെ കണക്കുകൾ പ്രകാരം ഗെയിം അനൗൺസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഏകദേശം അഞ്ച് മില്ല്യൺ പ്രീബുക്കിംഗ് അപേക്ഷകൾ അവർക്ക് ലഭിച്ചിരുന്നു.
എന്നാൽ ഈ ഗെയിമും കേന്ദ്ര സർക്കാർ നിരോധിച്ചേക്കുമോ എന്ന പേടിയിലാണ് ഇന്ത്യയിലെ ഗെയിമിംഗ് സമൂഹം. പേരിൽ മാത്രമേ ഗെയിം മാറിയിട്ടുള്ളു എന്നത് തന്നെ കാരണം. പുതിയ വീപ്പയിലെ പഴയ വീഞ്ഞ് മാത്രമാണ് ബാറ്റിൽഗ്രൗണ്ട് ഇന്ത്യ എന്ന് ഇപ്പോൾ തന്നെ ആരോപണം ഉയർന്നു കഴിഞ്ഞു.
പബ്ജി നിരോധിക്കാൻ കേന്ദ്രസർക്കാർ ചുണ്ടികാണിച്ച കാരണങ്ങൾ ഇപ്പോഴും ഈ ഗെയിമിൽ നിലനിൽക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അതിനാൽ തന്നെ ഗെയിം വീണ്ടും നിരോധിക്കാനുള്ള സാദ്ധ്യതയും ഇക്കൂട്ടർ മുൻകൂട്ടി കാണുന്നുണ്ട്.
ആഴ്ചകൾക്ക് മുമ്പേ അരുണാചൽ പ്രദേശ് എം എൽ എ നിനോങ് എറിങ് ബാറ്റിൽഗ്രൗണ്ട് ഇന്ത്യയും രാജ്യത്ത് നിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ചിരുന്നു.
ഗെയിം ലോഞ്ച് ചെയ്ത് കുറച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ ബാറ്റിൽഗ്രൗണ്ട് ഇന്ത്യ ഗെയിം കളിക്കുന്നവരുടെ വിവരങ്ങൾ ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ പ്രശ്നം നിർമ്മാതാക്കൾ വളരെ പെട്ടെന്ന് പരിഹരിച്ചുവെങ്കിലും തുടക്കത്തിൽ തന്നെ ഗെയിമിനു മുകളിൽ സംശയത്തിന്റെ കരിനിഴൽ വീഴാൻ ഇത് കാരണമായി. പബ്ജി ഗെയിമിന് ചൈനയുമായി ഉണ്ടായിരുന്ന ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്ന് കേന്ദ്ര സർക്കാർ ഗെയിം നിരോധിച്ചതെങ്കിൽ അക്കാരണങ്ങൾ പുതിയ ഗെയിമിലും നിലനിൽക്കുന്നുണ്ട് എന്നതിന് ഈ സംഭവം വ്യക്തമാക്കുന്നു.