mohanlal

വിസ്‌മയയുടെ കൊലപാതകത്തിന് പിന്നാലെ സ്ത്രീധനം കേരളത്തിലെ ചൂടുപിടിച്ച ചർച്ചയാകുമ്പോൾ സ്ത്രീധനത്തിനെതിരെ പ്രതികരിച്ച് നടൻ മോഹൻലാൽ. റിലീസിനായി കാത്തിരിക്കുന്ന നെയ്യാറ്റിൻകര ഗോപന്‍റെ ആറാട്ട് എന്ന തന്‍റെ ചിത്രത്തിലെ രംഗം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌താണ് താരം സ്‌ത്രീധനത്തിനെതിരെ സംസാരിച്ചിരിക്കുന്നത്.

വിവാഹം ജീവിതത്തിലേക്ക് കാലെടുത്ത് വയ്‌ക്കുന്ന പെണ്ണിനെ മരണത്തിലേക്ക് തള്ളിവിടുന്ന കാഴ്‌ച നിറഞ്ഞ കേരളത്തിൽ സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ മോഹൻലാൽ പോസ്റ്റ് ചെയ്‌ത വീഡിയോ വലിയ സന്ദേശമാണ് നൽകുന്നത്. 'സ്ത്രീധനം കൊടുക്കരുത്‌, വാങ്ങരുത്‌. സ്ത്രീക്ക്‌ തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ' എന്ന് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിക്കുന്നു.

'മക്കളേ നിങ്ങൾ വിഷമിക്കേണ്ട കേട്ടാ, നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണൻ ഉണ്ട്. കല്യാണമല്ല പെൺകുട്ടികൾക്ക് ഒരേയൊരു ലക്ഷ്യം, സ്വയംപര്യാപ്‌തതയാണ്. അതാണ് പൊളിറ്റിക്കലി കറക്‌റ്റ്' എന്നാണ് വീഡിയോയിലെ പ്രസക്‌തമായ സംഭാഷണം.