raheem

തിരുവനന്തപുരം: അപരമുഖം സ്വീകരിച്ച അജ്ഞാത സംഘങ്ങളാണ് കള്ളക്കടത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഇവരുടെ വേര് കണ്ടെത്താൻ ഡി വൈ എഫ് ഐക്ക് പോലും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ ഇടപടാൻ ഡി വൈ എഫ് ഐക്ക് പ്രത്യേക സംവിധാനമുണ്ട്. അത് മികച്ച രീതിയിൽ തന്നെ മുന്നോട്ട് കൊണ്ടുപോകാൻ സംഘടനക്ക് കഴിയുന്നുമുണ്ട്. അതിന് ആരുടേയും സഹായം ആവശ്യമില്ലെന്നും റഹീം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് സംഘടനയുമായി ബന്ധമില്ലെന്ന് പറഞ്ഞ അദ്ദേഹം ചെറുപ്പക്കാരുടെ തെറ്റായ രീതികള്‍ക്കെതിരെ സംഘടന പ്രതികരിച്ചിരുന്നുവെന്നും പറഞ്ഞു. എം സി ജോസഫൈന്‍റെ രാജിയില്‍ പ്രതികരിക്കാനില്ല. താന്‍ പറഞ്ഞ കാര്യങ്ങളല്ല മാദ്ധ്യമങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോസഫൈന്‍ രാജി വയ്‌ക്കേണ്ടതില്ലെന്നും അവർ ക്ഷമ പറഞ്ഞതോടെ വിവാദങ്ങൾ അവസാനിച്ചുവെന്നുമായിരുന്നു റഹീം ഇന്നലെ പറഞ്ഞത്. എന്നാൽ തൊട്ടുപിന്നാലെ പാർട്ടി അവരുടെ രാജി ആവശ്യപ്പെടുകയായിരുന്നു.