derek-chauvin

വാഷിംഗ്ടൺ: ജോർജ് ഫ്ലോയ്ഡ് വധക്കേസിലെ ഒന്നാം പ്രതിയും മിനിയിപൊളിസ് മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഡെറക് ഷോവന് (45) 22.5 വർഷം തടവ്ശിക്ഷ വിധിച്ച് മിനിയപൊളിസ് കോടതി. ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധിച്ചത്. അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയത്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നും വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്നും 22 പേജുള്ള വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു.

എട്ടുമിനിറ്റും 46 സെക്കൻഡും ഷോവിന്റെ കാൽമുട്ടുകൾ ഫ്ളോയിഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഷോവന്റെ മാതാവിന്‍റെ ഭാഗം കൂടി കേട്ടതിന് ശേഷമാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഏപ്രിലിലാണു ഷോവൻ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. വിധിക്കെതിരെ 90 ദിവസത്തിനകം ഷോവിന് അപ്പീൽ നൽകാം.

അതേസമയം, ഷോവന് 30 വർഷം തടവ് ശിക്ഷ ലഭിക്കാതിരുന്നതിൽ ഫ്ലോയ്ഡ് കുടുംബത്തിന് അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഷോവനേയും കൂട്ടുപ്രതികളായ ടൗ താവോ, ജെ അലക്സാണ്ടർ കുവെംഗ്, തോമസ് കെ ലെയ്ൻ എന്നിവരെ പൊലീസ് സേനയിൽ നിന്ന് പുറത്താക്കിയിരുന്നു. മെയിൽ കോടതി ഷോവിൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരുന്നത്.

മാപ്പ് പറയാതെ ഷോവൻ

വിചാരണക്കിടെ ജോർജ് ഫ്‌ളോയ്ഡിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോട് ഷോവൻ അനുശോചനം അറിയിച്ചെങ്കിലും മാപ്പ് പറയാൻ തയ്യാറായില്ല. നിയമത്തിന്റെ ചില കടമ്പകൾ നിലനിൽക്കുന്നതിനാൽ തനിക്ക് പ്രസ്താവന മുഴുവൻ നൽകാനായില്ലെന്നും ഷോവൻ പറഞ്ഞു.

അമേരിക്കയിൽ വംശീയത തടയാനായി നടക്കുന്ന പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ നിര്‍ണായകസ്ഥാനമായിരിക്കും ഈ കോടതി വിധിക്കുണ്ടാവുക

ഫ്‌ളോയ്ഡിന്റെ അഭിഭാഷകൻ

ശ്വാസം നിലച്ച ക്രൂരത

2020 മെയിൽ സായ്ഹാന സവാരിയ്ക്കിടെ ഒരു കടയിൽ നൽകിയത് വ്യാജ കറൻസിയാണെന്ന് ആരോപിച്ചാണ് ആഫ്രോ - അമേരിക്കൻ വംശജനായ ഫ്ലോയ്ഡിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഷോവനടങ്ങുന്ന പൊലീസ് സംഘം ഫ്ലോയ്ഡിനെ വിലങ്ങുവച്ചു. അദ്ദേഹത്തെ നിലത്തു വീഴ്ത്തിയ ശേഷം കഴുത്തിന് മുകളിൽ ഷോവൻ കാൽമുട്ട് അമർത്തി. ഫ്ലോയ്ഡ് പൊലീസ് ക്രൂരതയിൽ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട്, സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. എനിയ്ക്ക് ശ്വാസം മുട്ടുന്നു, നിങ്ങളുടെ കാൽ എന്റെ കഴുത്തിലാണുള്ളത് എന്ന ഫ്ലോയ്ഡിന്റെ നിലവിളി ജനലക്ഷങ്ങളുടെ കാതുകളിൽ മുഴങ്ങിക്കേട്ടു.

ബ്ലാക്ക് ലൈവ്സ് മാറ്റർ

ഫ്ളോയ്ഡിനോട് കാട്ടിയ കൊടും ക്രൂരതയ്ക്കെതിരെ അമേരിക്കയിലെമ്പാടുംബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന പേരിൽ പ്രതിഷേധം അലയടിച്ചു. കറുത്ത വർഗക്കാർക്കെതിരെയുള്ള ക്രൂരതകൾ അവസാനിപ്പിക്കാൻ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ലോകമെമ്പാടും ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധം വ്യാപകമായി. ഐ കാൻഡ് ബ്രീത് എന്ന ബാനറുകളുമേന്തിയായിരുന്നു പ്രതിഷേധക്കാർ അണിനിരന്നത്.