shafi-parambil

പാലക്കാട്: കളളക്കടത്ത് കേസ് പ്രതികളുടെ ചിത്രങ്ങളിൽ മാത്രമല്ല അവർ ഇടപെട്ട കേസുകളിൽ നിന്നും സി പി എമ്മുമായുളള ബന്ധം വ്യക്തമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ. സി പി എം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാഫിയ എന്ന് തിരുത്തേണ്ട സാഹചര്യമാണെന്നും ഷാഫി പരിഹസിച്ചു.

പാർട്ടിയിലെ മുതിർന്നവരുടെ മാഫിയാ തലവൻ കൊടി സുനിയുടെ നേതൃത്വത്തിലാണെങ്കിൽ ഡി വൈ എഫ് ഐക്കും, എസ് എഫ് ഐക്കും ആകാശ് തില്ലങ്കേരിയും, അർജുൻ ആയങ്കിയുമാണ് മാഫിയ തലവന്മാർ. ഇവർ പിടിക്കപ്പെടുമ്പോൾ പാർട്ടി ബന്ധമില്ലെന്ന് പറയുകയാണ്. പിണറായി വിജയന്‍റെ വാഴ്ത്തു പാട്ടുകളാണ് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ. ഇവർ റെഡ് വളണ്ടിയർ മാർച്ചിൽ പങ്കെടുത്ത ചിത്രങ്ങൾ വരെ പുറത്ത് വന്നിരിക്കുകയാണെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.

സൈബറിടങ്ങളിൽ സി പി എമ്മിനായി പ്രചാരണം നടത്തുന്ന അർജുൻ ആയങ്കിയുടെ അടക്കം പങ്ക് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുകയാണ്. സ്വർണക്കടത്ത് വാർത്തകളുടെ ഓരോ തുമ്പും അവസാനിക്കുന്നത് സി പി എമ്മിലാണ്. സി പി എം മാഫിയ പ്രവർത്തകരെ സംഘടനവത്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.