തിരുവനന്തപുരം: ആൺകുട്ടികൾ ഉള്ള എല്ലാ വീട്ടിലും ഓരോ സ്ത്രീധന തുലാസ് ഉണ്ടെന്നും അത് പിടിച്ചെടുക്കുകയാണ് ഈ സാമൂഹിക വിപത്ത് അവസാനിപ്പിക്കാനുള്ള മാർഗമെന്നും ചലച്ചിത്രതാരം സലീം കുമാർ പറഞ്ഞു. ഡി വൈ എഫ് ഐ സംഘടിപ്പിച്ച യുവജന ജാഗ്രത സദസിൽ സംസാരിക്കുകയായിരുന്നു സലീം കുമാർ. മലയാളികള്‍ മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താൽ മാത്രമേ സ്‍ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂ. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാൻ ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. ആ തുലാസ് പിടിച്ചെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് രണ്ട് ആൺമക്കളാണെന്നും താൻ മേടിച്ചു വച്ച സ്ത്രീധന തുലാസ് ഇന്ന് ഒഴിവാക്കുകയാണെന്നും സലീം കുമാർ പ്രസ്താവിച്ചു.
ഓരോ പെണ്‍കുട്ടികളും മരിച്ച് വീഴുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ അതെല്ലാം മാഞ്ഞുപോകും. മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ അത് വറ്റിപോകും. പ്രതിഷേധമാകുന്ന ആ വെള്ളത്തെ തളം കെട്ടി നിർത്തി തിരിച്ചുവിടാൻ നമുക്ക് കഴിഞ്ഞിട്ടില്ല. യുവജന രാഷ്‍ട്രീയപാർട്ടികൾ ഈ പ്രശ്‍നം ഏറ്റെടുക്കുന്നതു കാണുമ്പോൾ സന്തോഷമാണെന്നും സലിം കുമാര്‍ പറഞ്ഞു.