delta

മധുര: കൊവിഡ് ഡെൽറ്റാ പ്ളസ് വകഭേദം സ്ഥിരീകരിച്ച തമിഴ്‌നാട്ടിൽ ഒരാൾ രോഗം ബാധിച്ച് മരണമടഞ്ഞതായി റിപ്പോർട്ട്. മധുര സ്വദേശിയായ പുരുഷന്റെ മരണകാരണം ഡെൽറ്റാ പ്ളസ് വകഭേദമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി എം.എ സുബ്രഹ്‌മണ്യം അറിയിച്ചു.

മൂന്ന് പേരിൽ നടത്തിയ പരിശോധനയിൽ കൊവിഡ് ഡെൽറ്റാ പ്ളസ് വകഭേദമാണെന്ന് കണ്ടെത്തി. ഇവരിൽ രണ്ടുപേ‌ർക്ക് രോഗമുക്തി നേടാനായി. ഇതിൽ ഒരാൾ ചെന്നൈയിൽ നിന്നുള‌ള 32 വയസുകാരിയായ നഴ്‌സും മറ്റൊരാൾ കാഞ്ചീപുരം സ്വദേശിയുമാണ്. മരണമടഞ്ഞയാളുടെ ബന്ധുക്കളിൽ നടത്തിയ പരിശോധനയിൽ അവരെല്ലാം കൊവിഡ് നെഗറ്റീവാണ്.

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത ഡെൽറ്റ പ്ളസ് വകഭേദങ്ങളിൽ കൂടുതലും മഹാരാഷ്‌ട്രയിലാണ്. 20 കേസുകൾ. തമിഴ്‌നാട്ടിൽ ഒൻപതും. എന്നാൽ ആകെ സ്ഥിരീകരിച്ചവരിൽ 30 ശതമാനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, ആന്ധ്രാ പ്രദേശ്, ക‌‌ർണാടക എന്നിവിടങ്ങളിൽ നിന്നുമാണ്.

രോഗം കണ്ടെത്തിയ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് രോഗപ്രതിരോധ മാ‌‌ർഗങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര നിർ‌ദ്ദേശമുണ്ട്. തമിഴ്നാട്ടിൽ മധുര, കാഞ്ചീപുരം, ചെന്നൈ എന്നിവിടങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. വർദ്ധിച്ച തോതിലെ പ്രചരണവും ശ്വാസകോശത്തിലെ പ്രധാനകോശങ്ങളെ ബാധിക്കുന്നതും പ്രതിരോധത്തിലുള‌ള ആന്റിബോഡിയുടെ കുറവുമാണത്.