john-brittas

തിരുവനന്തപുരം: സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, നന്മ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കൊവിഡ് കാലത്ത് നിസ്വാർത്ഥമായ സേവനം നടത്തിയ കെ എസ് ഇ ബി ജീവനക്കാരെ ആദരിച്ചു. ആശുപത്രികളിൽ സർജറികൾ നടക്കുന്ന സമയങ്ങളിൽ വൈദ്യുതബന്ധം തടസപ്പെടുത്താതെയും ഓക്‌സിജൻ പ്ലാന്‍റുകൾക്ക് സുഗമമായി പ്രവർത്തിക്കുവാൻ വൈദ്യുതി തടസം ഒഴിവാക്കിയും സേവനം നടത്തിയ ജീവനക്കാരെയാണ് ഇന്ന് ആദരിച്ചത്.


പേരൂർക്കട കെ എസ് ഇ ബി അസിസ്റ്റന്‍റ് എൻജിനീയറുടെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസിലെ ജീവനക്കാരെയാണ് ആദരിച്ചത്. ചടങ്ങ് ജോൺ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്‌തു. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് നോഡൽ ഓഫീസിലെ ഉദ്യോഗസ്ഥർ, നന്മ ഫൗണ്ടേഷൻ പ്രവർത്തകർ, ബേക്കറി അസോസിയേഷൻ പ്രവർത്തകർ, കൊവിഡ് കാലത്തെ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ ആംബുലൻസ് ടീമിന്‍റെ തിരുവനന്തപുരം സിറ്റിയിലെ ഏകോപന ചുമതല വഹിക്കുന്ന ബിനു ഐ പി
കെ എസ് ഇ ബി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി പ്രസിഡന്‍റ് ഉണ്ണികൃഷ്‌ണൻ നായർ,
അസിസ്റ്റന്‍റ് എൻജിനീയർ ഷിബു, സീനിയർ സൂപ്രണ്ട് ഷാഹിന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


എല്ലാ ജീവനക്കാർക്കും ഭക്ഷ്യ കിറ്റുകളും ഉപഹാരങ്ങളുമാണ് സമ്മാനിച്ചത്. പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങ് നടന്നത്. ശ്‌മശാന, ആംബുലൻസ് തൊഴിലാളികളെയും ആരോഗ്യ പ്രവർത്തകരെയും ശുചീകരണ തൊഴിലാളികളെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, നന്മ ടീം ആദരിച്ചിരുന്നു.