tamilnadu-si

ചെന്നൈ: പതിനഞ്ചുകാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ തമിഴ്നാട് കാശിമേട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ട‌ർ സതീഷ് കുമാർ (37) അറസ്റ്റിൽ. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയെയും അവരുടെ സഹോദരിയെയും പൊലീസ് പിടികൂടി.

തിരുവള്ളൂർ സ്വദേശിയായ സതീഷ്‌ കുമാർ 2011ലാണ് പൊലീസിൽ ചേർന്നത്. സ്തുത്യർഹ സേവനത്തിന് സേനയിൽ പലതവണ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം മാധാവരം പൊലീസ് സ്റ്റേഷനിൽ ജോലിചെയ്യവേയാണ് സതീഷ്‌കുമാർ പെൺകുട്ടിയുടെ 38കാരിയായ അമ്മയുമായി പരിചയത്തിലാകുന്നത്. അടുപ്പം വളർന്നതോടെ എസ്.ഐ അവരുടെ വീട്ടിൽ നിത്യ സന്ദർശകനായി.

പതിയെ പെൺകുട്ടിയുടെ അമ്മയുടെ മൂത്തസഹോദരിയുമായും ബന്ധം സ്ഥാപിച്ചു. പിന്നാലെ 15കാരിയെ എസ്.ഐ നോട്ടമിട്ടു. പെൺകുട്ടി തന്റെ ഇംഗിതത്തിന് വഴങ്ങാനായി നിരവധി സമ്മാനങ്ങൾ നൽകി. വിലകൂടിയ ഐ ഫോൺ അടക്കമുള്ളവ പെൺകുട്ടിക്ക് സമ്മാനിച്ചു. പെൺകുട്ടി ഇതെല്ലാം നിരസിച്ചെങ്കിലും അമ്മ അതെല്ലാം വാങ്ങിയെടുത്തു. പെൺകുട്ടി വഴങ്ങാതെ വന്നതോട സതീഷ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

വിവരം പുറത്തുപറഞ്ഞാൽ പിതാവിനെയും സഹോദരനെയും കൊന്നുകളയുമെന്ന് സതീഷ്‌കുമാർ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു. ഭയന്ന പെൺകുട്ടി വിവരമെല്ലാം പിതാവിനോട് തുറന്നുപറഞ്ഞു. പിതാവ് പൊലീസിൽ പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും സതീഷ് കുമാർ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. നിസ്സഹായനായ പിതാവ് ഒരു തമിഴ് മാദ്ധ്യമത്തിലൂടെ വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. പോക്‌സോ ചുമത്തി അറസ്റ്റുചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു. ഇയാൾ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം വിശദമായ അന്വേഷണം നടത്താനും ഉത്തരവിട്ടു.