ന്യൂഡൽഹി: 18 വയസിനു താഴെയുള്ള 920 കുട്ടികളിൽ പുതിയ കൊവിഡ് വാക്സിനായ കോവോവാക്സ് പരീക്ഷിക്കാനുളള തയ്യാറെടുപ്പുകൾ സെറം ഇൻസ്റ്റിട്ട്യൂട്ട് പൂർത്തിയാക്കി. വാക്സിൻ പരീക്ഷണത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളാണ് ഇനി കുഞ്ഞുങ്ങളിൽ നടത്താൻ ഉള്ളത്. 460 കുട്ടികൾ വീതമുള്ള രണ്ട് ബാച്ചുകളായാണ് പരീക്ഷണം നടത്തുക. ഇതിൽ ആദ്യത്തെ ബാച്ചിൽ 12 മുതൽ 17 വയസ് വരെ പ്രായമുള്ല കുട്ടികളും രണ്ടാമത്തെ ബാച്ചിൽ 2 മുതൽ 11 വയസ് വരെ പ്രായമുളള കുട്ടികളുമാണ് ഉളളത്.
അമേരിക്കൻ ബയോടെക്നോളജി സ്ഥാപനമായ നൊവാവാക്സ് നിർമ്മിച്ച എൻ വി എക്സ്- സി ഒ വി2 എന്ന കൊവിഡ് വാക്സിൻ ആണ് ഇന്ത്യയിൽ കോവോവാക്സ് എന്ന പേരിൽ പരീക്ഷണത്തിനു തയ്യാറെടുക്കുന്നത്. 18 വയസിനു താഴെയുള്ളവരിൽ പരീക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ മൂന്നാമത്തെ വാക്സിൻ കൂടിയാണ് കോവോവാക്സ്.
നൊവോവാക്സുമായി കരാറിലേർപ്പെട്ട സെറം ഇൻസ്റ്റിട്ട്യൂട്ട്, മുതിർന്നവർക്കുളള കോവോവാക്സ് വരുന്ന സെപ്തംബറിലും കുഞ്ഞുങ്ങൾക്കുള്ളത് വർഷാവസാനത്തോടും കൂടെ വിതരണത്തിന് സജ്ജമാക്കാനുള്ള ശ്രമത്തിലാണ്. പൂനെയിലുള്ള രണ്ട് ആശുപത്രികളുൾപ്പെടെ രാജ്യമൊട്ടാകെ 10 ആശുപത്രികൾ കേന്ദ്രീകരിച്ചാണ് വാക്സിൻ പരീക്ഷണം നടത്തുന്നത്. 21 ദിവസം ഇടവിട്ട് രണ്ട് ഡോസുകൾ നൽകുന്ന കുഞ്ഞുങ്ങളെ ആറ് മാസത്തേക്ക് നിരീക്ഷിക്കും. അതിനു ശേഷം മാത്രമേ വാക്സിൻ പുറത്തു കൊടുത്ത് തുടങ്ങുകയുള്ളു.