rain

സൗന്ദര്യത്തിന് മഴക്കാലം ഒരുവലിയ പ്രശ്നംതന്നെയാണ്. കൊവിഡും ലോക്ക് ഡൗണും കൂടിയായപ്പോൾ സൗന്ദര്യവർദ്ധകവസ്തുക്കൾ കിട്ടാതാകുകയും പുതിയ സൗന്ദര്യ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നതിനിടെയാണ് കാലവർഷം വന്നെത്തിയത്. ഇതോടെ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും പ്രയാസങ്ങൾ പതിന്മടങ്ങ് വർദ്ധിച്ചു. ചിലർക്ക് ഇതൊരു പരീക്ഷണ കാലഘട്ടം കൂടിയായിരുന്നു. മീശ വേണ്ടെന്നുവച്ചും താടി വളർത്തിയും തല മൊട്ടയടിച്ചും മുടി നീട്ടി വളർത്തിയും തലമുടി കറുപ്പിച്ചും കറുത്തിരുന്നതിനെ വെളുപ്പിച്ചുമൊക്കെ പലവിധ മേക്കോവറുകൾ നടത്തിയവരുണ്ട്. ഇതിൽ അധികവും

സ്വന്തം ക്രിയേറ്റിവിറ്റികളായതിനാൽ അതിന്റെ ഭവിഷ്യത്ത് അറിഞ്ഞവരുമുണ്ട്.

മുടി തന്നെ ഏതെല്ലാം വിധത്തിൽ ചരിച്ചും തിരിച്ചും സ്റ്റൈലാക്കിയതാണ്. പക്ഷേ,​ തലയ്ക്കൊക്കെ ഒരു ചൊറിച്ചിൽ, ചൊറിയുമ്പോൾ പൊടി പോലെ എന്തോ കൊഴിഞ്ഞു വീഴുന്നുമുണ്ട്. തോളിൽ പൊടി വീണിടത്തൊക്കെ ചൊറിയുകയും കുരുക്കളുണ്ടാകുകയും ചെയ്യുന്നു. തലയിൽ എണ്ണമയം തീരെ ഇല്ലാത്ത പോലെ... ഇവയൊക്കെയാണ് ഇപ്പോൾ സ്ഥിരമായി രോഗികൾ പറയുന്ന പല്ലവികൾ. ഇത് തലയോട്ടിയിൽ മാത്രമൊതുങ്ങുന്ന ത്വക്കിന്റെ രൂക്ഷതയോ ദേഹത്ത് മൊത്തത്തിൽ രൂക്ഷത ബാധിച്ചതിന്റെ ബാക്കിപത്രമോ കരൾ രോഗത്തിന്റെ ലക്ഷണമോ താരനോ സോറിയാസിസോ ആയേക്കാം. തലയിൽ എണ്ണ പുരട്ടിയാൽ മതിയോ,​ ദീർഘനാൾ മരുന്ന് കഴിക്കേണ്ടിവരുമോ

എന്നൊക്കെ രോഗത്തിനനുസരിച്ച് തീരുമാനിക്കേണ്ടിവരും.

മരുന്നിന്റെ ഉപയോഗത്തിനൊപ്പം ഉപ്പ്, മുട്ട,കാഷ്യൂനട്ട്, അച്ചാർ തുടങ്ങിയവ ഒഴിവാക്കേണ്ടിയും വന്നേക്കാം.തലയിലെ ത്വക്കിനുണ്ടാകുന്ന കുഴപ്പങ്ങൾ മുഖത്തും വ്യാപിച്ച് ചൊറിച്ചിലും നിറവ്യത്യാസവും ചിലപ്പോൾ കരിവാളിപ്പുമുണ്ടാകും. കൺപീലികളിൽ താരണം പോലെ പറ്റിപ്പിടിച്ചിരിക്കുന്ന ബ്ളിഫറൈറ്റിസ് എന്ന രോഗവുമുണ്ടാകാം.

തേമൽ, ഫംഗസ് ബാധ, കുരുക്കൾ, ചൊറിച്ചിൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ ത്വക്കിൽ എവിടെയാണോ ഉണ്ടാകുന്നത് എന്നതിനനുസരിച്ച് ബുദ്ധിമുട്ടുകൾ തീവ്രതയേറിയും കുറഞ്ഞും കാണപ്പെടും. മഴക്കാലത്ത് അന്തരീക്ഷത്തിലും മുറികളിലും വസ്ത്രങ്ങളിലും കാണുന്ന ഈർപ്പം ഇത്തരം രോഗങ്ങളെ വർദ്ധിപ്പിക്കും. ശരിയായി ഉണങ്ങാത്ത വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് അലർജി,പ്രമേഹം, പൊണ്ണത്തടി എന്നിവയുള്ളവരിൽ രോഗ സാദ്ധ്യത വർദ്ധിപ്പിക്കും.

മുടി കൊഴിച്ചിലും വിളർച്ചയും

തണുപ്പു കാരണം ചൂടുവെള്ളത്തിൽ കുളിക്കുന്നതും മഴയും മറ്റ് ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കും.മുടിയുടെ കട്ടി കുറയുകയും ചെയ്യും. മുടി കൊഴിച്ചിലുള്ളവർ വിളർച്ച രോഗവും തൈറോയ്ഡും പരിശോധിക്കണം. പപ്പായ,മാമ്പഴം, നെല്ലിക്ക, പേരയ്ക്ക, പൈനാപ്പിൾ, വെളിച്ചെണ്ണ, ബദാം, മത്തങ്ങാക്കുരു, നിലക്കടല,ചീര, എള്ള്, ശർക്കര, റാഗി, തവിടുള്ള അരി, മുട്ട, ചെറുപയർ തുടങ്ങിയവ മുടി കൊഴിച്ചിലിനെ തടയുന്നതിനും മുടി വളർച്ച വർദ്ധിക്കുന്നതിനും നല്ലത്.

ഈർപ്പുമുള്ളിടത്ത് വളരുന്ന ഫംഗസുകളുടെ സ്പോറുകൾ തുമ്മൽ, ജലദോഷം തുടങ്ങിയ അവസ്ഥകളെ വർദ്ധിപ്പിക്കുന്നതിനാൽ കണ്ണ് ചൊറിച്ചിൽ, കണ്ണ്ചുവപ്പ്, സൈനസൈറ്റിസ് കാരണം മുഖം വീങ്ങുക എന്നീ പ്രശ്നങ്ങൾക്കും കാരണമാകും. തലയിലുള്ളത് പോലെ പാദങ്ങളിൽ ത്വക്കിന്റെ രൂക്ഷത വർദ്ധിച്ചാൽ പാദം വെടിച്ചു കീറി ചോര വരികയും നടക്കാൻ പോലും പ്രയാസം ഉണ്ടാകുകയും ചെയ്യും.

ചൊറിച്ചിലിന് കണിക്കൊന്ന പട്ടയും ത്വക്കിലെ മുറിവുണങ്ങാൻ വേപ്പും ഫംഗസിനെ അകറ്റാൻ തുളസിയിലയും മഞ്ഞളും രൂക്ഷതയകറ്റാൻ കറ്റാർവാഴ നീരും പ്രയോജനപ്പെടുന്നത് പോലെ സോപ്പ് പ്രയോജനപ്പെടില്ല. അണുനശീകരണ ശേഷി സോപ്പിനാണ് കൂടുതൽ എന്നതിനാൽ അത് ഒഴിവാക്കാനും കഴിയില്ല. അതിനാൽ വിവേകത്തോടെയും ഡോക്ടറുടെ നിർദ്ദേശം പാലിച്ചും മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

പണിയില്ലാതെ ചെയ്തത് പണിയായി !

പ്രത്യേകിച്ച് മറ്റു പണിയൊന്നുമില്ലാതെ തുടർച്ചയായ ദിവസങ്ങളിൽ മുടി സോപ്പിട്ടും ഷാംപൂ ചെയ്തും നന്നാക്കാൻ ശ്രമിച്ചവർക്ക് അതൊന്നും ഗുണകരമായിരുന്നില്ലെന്ന് ഇതിനകം തന്നെ മനസ്സിലായിക്കാണും. കിട്ടിയ അവസരം മുതലാക്കി സൗന്ദര്യവർദ്ധകവസ്തുക്കൾ പ്രത്യേകിച്ചും കെമിക്കൽ അടങ്ങിയവ ഉപയോഗിച്ചവരുടെ കഥയും വ്യത്യസ്തമല്ല. കണ്ണിനു താഴെ കറുപ്പ് പടർന്നവർ അലർജി രോഗവും അനീമിയയുമുണ്ടെങ്കിൽ അതിന് ശരിയായി മരുന്ന് കഴിക്കണം. കൊവിഡ്കാലമാണെങ്കിലും അത്യാവശ്യ പരിശോധനകൾ സുരക്ഷിതമായി നടത്തുവാൻ മടിക്കേണ്ടതില്ല. കണ്ണിന്റെ താഴെ പുറംവശത്തായി കരിനിറം ബാധിച്ചവർ കരൾ സംബന്ധമായ രോഗമില്ലെന്നും ഉറപ്പു വരുത്തുന്നത് നല്ലത്.

മഴയും തണുപ്പും വർദ്ധിക്കുന്ന മുറയ്ക്ക് ചുണ്ടുകൾ പൊട്ടാനും ചിലപ്പോൾ ചോര പൊടിയാനും നീറ്റലുണ്ടാകുന്നതിനും സാദ്ധ്യതയേറും. തുടക്കത്തിൽതന്നെ വെളിച്ചെണ്ണ പുരട്ടുകയോ രോഗം ആരംഭിച്ചുണ്ടെങ്കിൽ ലിപ് ബാം ഉപയോഗിക്കുകയോ ചെയ്യണം.

കൊവിഡ് ബാധിച്ച് നെഗറ്റീവായവരിലും പലവിധ സൗന്ദര്യ പ്രശ്നങ്ങളുമുണ്ടാകുന്നുണ്ട്. അവയും ശരിയായി ചികിത്സിക്കുന്നതിലൂടെ കുറച്ചു സമയമെടുത്തായാൽ പോലും പരിഹരിക്കാവുന്നതേയുള്ളൂ. അനുബന്ധ പ്രശ്നങ്ങൾ കൂടി മാറുന്ന മുറയ്ക്കു മാത്രമേ മുഖത്തും കഴുത്തിലുമുണ്ടാകുന്ന കരിവാളിപ്പ്, ത്വക്കിലുണ്ടാകുന്ന ചൊറിച്ചിലും കുരുക്കളും കണ്ണിലെ ചുവപ്പും ചൊറിച്ചിലും തലചൊറിച്ചിലും കൈവെള്ളയിലെ കറുപ്പും മാറുകയുള്ളൂ.

ഏത് കമ്പനിയുടെ എത്ര സുരക്ഷിതമെന്ന് കരുതുന്ന മുടിക്ക് നിറം നൽകുന്ന ഉൽപ്പന്നമായാലും എപ്പോഴെങ്കിലും ഒരു പണി കിട്ടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അതിനാൽ എത്ര പരിചിതമായ ഉൽപ്പന്നമായാലും ഓരോതവണയും മുടി കറുപ്പിക്കുന്നതിനു മുമ്പ് ഒരു ടെസ്റ്റ് ഡോസ് എടുക്കുന്നതാണ് സുരക്ഷിതം.

ആവശ്യത്തിന് ശുദ്ധജലം കുടിച്ചും പരമാവധി പ്രകൃതിദത്ത വസ്തുക്കൾ ആഹാരത്തിനും ഔഷധത്തിനുമായി ഉപയോഗിച്ചും കൃത്യമായി വ്യായാമം ചെയ്തും ശീലിച്ചവർക്ക് സൗന്ദര്യസംരക്ഷണം ഒരു ബാലികേറാമലയല്ല.

നനഞ്ഞ മാസ്‌ക്ക് ധരിക്കരുത് !

മാസ്ക് വച്ചിരിക്കുന്ന അത്രയും ഭാഗത്തുണ്ടായ നിറവ്യത്യാസവും ചൊറിച്ചിലും നിരവധി പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നനഞ്ഞതും

വിയർപ്പ് പിടിച്ചതുമായ മാസ്ക് ഉപയോഗിക്കുന്നത് ഫംഗസ് വളരുന്നതിനും അതിലൂടെ മുഖത്ത് അലർജി ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ഇത്തരമാൾക്കാർ താരന്റെ പ്രശ്നമുണ്ടെങ്കിൽ അതിനൊപ്പം സ്കിൻ പ്രൊട്ടക്ടീവ് ലോഷനുകൾ ഉപയോഗിക്കാനും ആവശ്യമായ മരുന്ന് കഴിക്കാനും ശ്രദ്ധിച്ചാൽ ചൊറിച്ചിൽ വർദ്ധിച്ച് സ്റ്റീറോയിഡുകൾ ഉപയോഗിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കുവാനാകും. കൈകൾ സോപ്പിട്ട് കഴുകിക്കഴുകി ത്വക്കിന്റെ ഗുണം നഷ്ടപ്പെട്ടവരും സാനിറ്റൈസർ തുടർച്ചയായി ഉപയോഗിച്ച് കൈകൾ പൊള്ളി അടർന്ന് നിറം

മാറിയവരുമുണ്ട്. കാരണം മനസ്സിലാക്കി മോയിസ്ച്യുറൈസിംഗ് ഗുണമുള്ള മരുന്നുകൾ പുരട്ടുകയോ കറ്റാർവാഴയുടെ നീർ തുടർച്ചയായി പുരട്ടുകയോ ചെയ്യാവുന്നതാണ്. മാസ്ക് വച്ചിരിക്കുന്ന കാരണത്താൽ ആവശ്യത്തിന് വെള്ളം കുടിക്കാൻ മടിക്കുന്നത് മുഖക്കുരുവിനും ത്വക്കിന്റെ രൂക്ഷത വർദ്ധിക്കുന്നതിനും കാരണമാകും.