'മക്കളേ, നിങ്ങൾ വിഷമിക്കണ്ട കേട്ടോ, നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണനുണ്ട്. കല്യാണമല്ല, പെൺകുട്ടികൾക്ക് ഒരേയൊരു ലക്ഷ്യം. വേണ്ടത് സ്വയംപര്യാപ്തതയാണ്." നെയ്യാറ്റിൻകര ഗോപന്റെ വാക്കുകൾ.ആറാട്ട് സിനിമയിൽ ഗോപൻ എന്ന കഥാപാത്രത്തിന്റേതു മാത്രമല്ല, മോഹൻലാലിന്റേതു കൂടിയാണ് ഈ വാക്കുകൾ.
സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ക്യാമ്പെയ്നുമായി എത്തുകയാണ് ബി. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള ആറാട്ട് ടീം. ആറാട്ട് സിനിമയിലെ ഒരു സീൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചാണ് ഈ പ്രതിഷേധത്തിൽ അവർ പങ്കാളികളായത്. സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്, സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ, വീഡിയോ പങ്കുവച്ച് മോഹൻലാൽ കുറിക്കുന്നു. ശ്രദ്ധ ശ്രീനാഥാണ് ആറാട്ടിലെ നായിക. ഒക്ടോബർ 14ന് ചിത്രം തിയേറ്ററുകളിൽ എത്തും.