പ്രോജക്ട് ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും ചേർന്ന് ആരംഭിക്കുന്ന 'മാറ്റിനി എന്ന ഒ.ടി.ടി പ്ളാറ്റ് ഫോമിന്റെ ഉദ്ഘാടനം ഇന്ന് പൃഥ്വിരാജ് നിർവഹിക്കും. പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും സാങ്കേതികപ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വെബ്സീരിസുകൾ, സിനിമകൾ, ഹൃസ്വചിത്രങ്ങൾ എന്നിവ നിർമ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തിൽ മാറ്റിനിയുടെ പ്രവർത്തന മാതൃക. ഒപ്പം അനാവശ്യ ചിലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഓഡീഷനുകളും നേരിട്ട് ഈ പ്ലാറ്റ്ഫോമിലൂടെ നടത്താൻ അവസരമൊരുക്കും.
മാറ്റിനിയുടെ സ്വന്തം നിർമ്മാണ പ്രോജക്ടുകൾ കൂടാതെ, നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിർമ്മാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ ഡാറ്റാ ബേസുകൾ ലഭ്യമാക്കുന്ന/ഓപ്പൺ ആയിരിക്കുന്ന ഒരു ടാലന്റ് പൂൾ ആയിട്ടായിരിക്കും മാറ്റിനി പ്രവർത്തിക്കുക.
ഒപ്പം താല്പര്യമുള്ള ആർക്കും വ്യത്യസ്ത ലൊക്കേഷനുകൾ, കെട്ടിടങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ, ഉപകരണങ്ങൾ, പരിശീലനം സിദ്ധിച്ച പക്ഷി മൃഗാദികൾ, വാഹനങ്ങൾ, പുരാവസ്തുക്കൾ തുടങ്ങി സിനിമക്ക് ആവശ്യമായതെന്തും മാറ്റിനിയിൽ രജിസ്റ്റർ ചെയ്ത് വാടകയ്ക്കുനൽകി വരുമാനവും നേടാം.