കണ്ണൂർ: കള്ളക്കടത്തുകാർക്ക് ലൈക്കും സ്നേഹാശംസകളും നൽകുന്നവർ തിരുത്തണമെന്നും ഫാൻസ് ക്ലബ്ബുകൾ സ്വയം പിരിഞ്ഞു പോകണമെന്നും ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ ഫേസ്ബുക്കിൽ കുറിച്ചു.
സ്വർണക്കടത്തിലെ പ്രതികൾക്ക് പാർട്ടി അംഗങ്ങളുമായി ബന്ധമുണ്ടെന്ന വാർത്തകൾക്കിടെ വന്ന ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ -
പാർട്ടിയൊ, ആര് ? പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേർന്ന് ക്വട്ടേഷനും,സ്വർണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരോ ? കള്ളക്കടത്തുകാർക്ക് എന്ത് പാർട്ടി. ചുവന്ന പ്രൊഫൈൽ വച്ച് ആവേശം വിതറുന്ന തലക്കെട്ടിൽ പോസ്റ്റ് ചെയ്താൽ ശുദ്ധാത്മാക്കളെ ആവേശക്കൊടുമുടിയിൽ എത്തിക്കാം. പ്രസ്ഥാനവുമായി ബന്ധം ഇല്ലെങ്കിലും അവർ ‘നേതാക്കളായി’. പകൽ ഫേസ് ബുക്കിൽ മുഴുകി,രാത്രി നാട് ഉറങ്ങുമ്പോൾ കള്ളക്കടത്ത് നടത്തുന്ന ‘പോരാളി സിംഹങ്ങൾ’. കണ്ണൂരിന് പുറത്തുള്ളവർ സോഷ്യൽ മീഡിയയിൽ ഇവരുടെ ഫാൻസ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴും അവർക്ക് ബോദ്ധ്യമായിട്ടില്ല. കള്ളക്കടത്തുകാർക്ക് ലൈക്കും സ്നേഹാശംസ നൽകുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നീട് അപമാനിതരാവാതിരിക്കാൻ ഫാൻസ് ക്ലബ്ബുകാർ സ്വയം പിരിഞ്ഞ് പോവുക. നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ പ്രസ്ഥാനവുമായി ഇവർക്ക് ഒരു ബന്ധവും ഇല്ല. ഇത്തരം സംഘാങ്ങളുടെ പേരെടുത്ത് തന്നെ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ട്. ഇത്തരം അരാജകത്വ സംഘങ്ങളിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ മുന്നോട്ട് വരിക.