ശ്രീജേഷിനൊപ്പം ദീപികയേയും ശുപാർശചെയ്ത് ഹോക്കി ഇന്ത്യ
ന്യൂഡൽഹി : ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ മലയാളി താരം പി.ആർ.ശ്രീജേഷിനെ രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജിവ് ഗാന്ധി ഖേൽ രത്നയ്ക്കായി ഹോക്കി ഇന്ത്യ ശുപാർശ ചെയ്തു. ശ്രീജേഷിനൊപ്പം മുൻ ഇന്ത്യൻ വനിതാ താരം ദീപികയേയും ഹോക്കി ഇന്ത്യ ശുപാർശ ചെയ്തിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്ടൻ ഹർമൻ പ്രീത് സിംഗ്, വനിതാ ടീമംഗങ്ങളായ വന്ദന കതാരിയ, നവ്ജ്യോത് കൗർ എന്നവരുടെ പേര് അർജുനയ്ക്കായും നിർദ്ദേശിച്ചിട്ടുണ്ട്. കോച്ചുമാരായ ബി.ജെ കരിയപ്പയേയും സി ആർ കുമാറിനേയും ദ്റോണാചാര്യയ്ക്കും ആർ.പി സിംഗ് , സി.എച്ച് സൻഘായി എന്നിവരെ ആജീവനാന്ത പുരസ്കാരമായ ദ്യാൻചന്ദ് അവാർഡിനും ശുപാർശ ചെയ്തു.
2017 ജനുവരി ഒന്നുമുതൽ 2020 ഡിസംബർ വരെയുള്ള കാലഘട്ടത്തിലെ പ്രകടനമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ആസമയത്ത് ഏറെ മികച്ച പ്രകടനമാണ് ശ്രീ പുറത്തെടുത്തത്. 2018ൽ നടന്ന ചാമ്പ്യൻസ് ലീഗ് ട്രോഫിയിൽ വെള്ളി, ആ വർഷം തന്നെ ഏഷ്യൻ ഗെയിംസിൽ വെങ്കലം, 2019ൽ എഫ്.ഐ.എച്ച് പുരുഷ സീരിസ് ഫൈനലിൽ സ്വർണം എന്നിവ നേടിയ ഇന്ത്യൻ ടീമിൽ ശ്രീജേഷിന്റെ പ്രകടനം നിർണായകമായിരുന്നു. ഇപ്പോൾ കരിയറിലെ മൂന്നാമത്തെ ഒളിമ്പിക്സിനൊരുങ്ങുകയാണ് 35കാരനായ ശ്രീജേഷ്.
2018-ൽ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും വെള്ളി നേടിയ ഇന്ത്യൻ വനിതാ ടീമിലെ നിർണായക താരമായിരുന്നു ദീപിക.