mahabooba-mufthi

ശ്രീനഗർ: ജമ്മു കാശ്‌മീരിന് പ്രത്യേക പദവി ഉറപ്പു നൽകുന്ന ആർട്ടിക്കിൾ 370, 35 എ എന്നിവ കേന്ദ്രം പുനഃസ്ഥാപിക്കുന്നതുവരെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുകയോ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ചെയ്യില്ലെന്ന് പി.ഡി.പി. നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ഇതു രണ്ടും കേന്ദ്രം താലത്തിൽവച്ച്​ കൈയിൽ തരുമെന്ന പ്രതീക്ഷയൊന്നുമില്ല. എന്നാൽ, അത്​ നേടിയെടു​ക്കുന്നതു വരെ ഗുപ്​കർ സഖ്യം പോരാട്ടം തുടരുമെന്നും അവർ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യൻ ഭരണഘടന തങ്ങൾക്ക് നൽകിയിരുന്നത് തിരികെ വേണം. സ്വന്തം തിരഞ്ഞെടുപ്പ് ലാഭത്തിനായി ആർട്ടിക്കിൾ 370 റദ്ദാക്കി കേന്ദ്ര സർക്കാർ ഇന്ത്യൻ ഭരണഘടനയെ നിന്ദിച്ചു. ഇൗ രണ്ട്​ വകുപ്പുകളിലൂടെയും ജമ്മു-കശ്​മീരിന്​ ലഭിച്ചിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി ഭരണഘടനയിൽ വിശ്വസിക്കുന്നവർക്ക്​ വലിയ വിഷയമാണ്​. ഇത്​ 'വിഘടന' വാദികളുടെ ആവശ്യമല്ലെന്നും അവർ വ്യക്​തമാക്കി.

ജമ്മുകാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടത്താനും യുക്തമായ സമയത്ത് സംസ്ഥാനപദവി നൽകാനും പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്രസർക്കാർ മേഖലയിലെ ഭാവി നടപടികൾ ചർച്ചചെയ്യാൻ വ്യാഴാഴ്ച വിളിച്ച സർവകക്ഷി യോഗത്തിൽ വ്യക്തമാക്കിയിരുന്നു.