കോട്ടയം: വിവാഹം വാഗ്ദാനം നല്കി ദളിത് യുവതിയായ 21 കാരിയെ മൂന്നു വർഷമായി പീഡിപ്പിച്ച സംഭവത്തിൽ പൂജാരിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. പൂജാരിയുടെ ഒളിസങ്കേതത്തെക്കുറിച്ച് മുണ്ടക്കയം പൊലീസിന് സൂചന ലഭിച്ചതായി അറിയുന്നു. ഉടൻ അറസ്റ്റിലാവുമെന്നാണ് അറിയുന്നത്. ക്ഷേത്രത്തിലെ ശാന്തിക്കാരനായ മുക്കൂട്ടുതറ ഇടകടത്തി സ്വദേശി വിനുമോനെയാണ് മുണ്ടക്കയം പൊലീസ് അന്വേഷിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവന്ന ഇയാൾ വിവാഹത്തിൽ നിന്ന് പിൻവാങ്ങിയതാണ് യുവതിയുടെ പരാതിക്ക് കാരണം. തുടർന്ന് മുണ്ടക്കയം പൊലീസ് പൂജാരിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. വിവാഹം ചെയ്യാമെന്ന് ഇയാൾ പിതാവിന്റെ സാന്നിധ്യത്തിൽ രേഖാമൂലം സമ്മതിച്ചിരുന്നു. തുടർന്ന് ഇരുകൂട്ടരും രജിസ്ട്രാർ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിന്റെ പേരിൽ വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. എന്നാൽ, വിവാഹത്തിന് തയ്യാറല്ലെന്ന് ഇയാളുടെ പിതാവ് ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്നാണ് പൂജാരിക്കെതിരെ പെൺകുട്ടി വീണ്ടും പരാതി നല്കിയത്. അതേസമയം, പൂജാരിക്ക് മറ്റൊരു വിവാഹാലോചന നടക്കുകയും ഉടൻ വിവാഹം നടത്താൻ വീട്ടുകാർ തയാറെടുപ്പ് നടത്തുന്നതായും അറിഞ്ഞതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയെന്നും അറിയുന്നു.