ന്യൂഡൽഹി: വാക്സിനേഷൻ വേഗതയിൽ ഈ ആഴ്ചയുണ്ടായ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വേഗത വരും ദിവസങ്ങളിലും മുന്നോട്ട് കൊണ്ടു പോകേണ്ടത് പ്രധാനമാണെന്ന് വാക്സിനേഷൻ യജ്ഞം അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി യോഗം വിളിച്ചത്.
വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ രാജ്യത്ത് 3.77 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയേക്കാൾ കൂടുതലാണ് ഇത്. വാക്സിനേഷനായി ജനങ്ങളിലേക്ക് എത്തിച്ചേരാൻ നൂതന മാർഗങ്ങൾ ആരായുന്നതിന് എൻ.ജി.ഒകളെയും മറ്റ് സംഘടനകളെയും പങ്കുചേർക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി യോഗത്തിൽ സംസാരിച്ചു.
Delhi: PM Narendra Modi holds a meeting on the progress of #COVID19 vaccination drive, via video conferencing. pic.twitter.com/lSCIyRZN93
— ANI (@ANI) June 26, 2021
കൊവിഡ് ടെസ്റ്റ് വേഗത കുറയാതിരിക്കാൻ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. കൊവിഡ് വ്യാപനത്തിലെ വർദ്ധനവ് കണ്ടെത്തുന്നതിന് ടെസ്റ്റ് വളരെ പ്രധാനപ്പെട്ട ആയുധമായി തുടരുന്നതായും മോദി പറഞ്ഞു. രാജ്യത്തെ വാക്‌സിന്‍ വിതരണം വിശദമായി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. വരും മാസങ്ങളിലെ വാക്‌സിന്‍ വിതരണത്തിനായും വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായും സ്വീകരിച്ച നടപടികളെ കുറിച്ചും യോഗത്തില്‍ പ്രതിപാദിച്ചു.