ശ്രീനഗർ: ജമ്മു വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം നടത്തിയത് ഡ്രോണുകൾ ഉപയോഗിച്ചാണെന്ന സംശയത്തിൽ സുരക്ഷാ ഏജൻസികൾ. എന്നാൽ ഡ്രോണുകൾ ഒന്നും റഡാറിൽ കണ്ടെത്താനായില്ല.ഇക്കാര്യത്തെക്കുറിച്ച് സുരക്ഷാ ഏജൻസികളും ജമ്മുകാശ്മീർ പൊലീസും അന്വേഷണ മാരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ഡ്രോൺ ഉപയോഗിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഉന്നത കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്താനായി സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് കേവലം പതിനാല് കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന വിമാനത്താവളം. നേരത്തേ ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യൻ അതിർത്തിയിലെ 12 കിലോമീറ്റർ വരെ ഭീകരർ ആയുധങ്ങൾ എത്തിച്ചതായി കണ്ടെത്തിയിരുന്നു. ഇതാണ് ആക്രമണത്തിന് ഡ്രോണുകൾ ഉപയോഗിച്ചോ എന്ന സംശയം ബലപ്പെടാൻ കാരണം. എല്ലാ വശങ്ങളും അന്വേഷിക്കുമെന്നാണ് സൈനിക കേന്ദ്രങ്ങൾ നൽകുന്ന സൂചന.
വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവത്തിലെ ടെക്നിക്കൽ ഏരിയയിലാണ് അഞ്ചുമിനിട്ട് വ്യത്യാസത്തിൽ ഇരട്ട സ്ഫോടനങ്ങളുണ്ടായത്. രണ്ടുപേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. സ്ഫോടക വസ്തുവീണ് ഒരു കെട്ടിടത്തിന്റെ മേൽക്കൂര തകർന്നിട്ടുണ്ട്. രണ്ടാമത്തെ സ്ഫോടനമുണ്ടായത് തുറസായ സ്ഥലത്താണ്. ആക്രമണത്തിന് ശക്തിയേറിയ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചിട്ടില്ല എന്നാണ് സൈന്യത്തിന്റെ പ്രാഥമിക നിഗമനം. വലിയ ആക്രമണത്തിന് മുന്നേയുള്ള ടെസ്റ്റ് ഡോസാണോ ഇന്നത്തെ ആക്രമണങ്ങൾ എന്നും സംശയമുയർന്നിട്ടുണ്ട്.