modi

ന്യൂഡൽഹി: കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട നെഗറ്റീവ് കിംവദന്തികളെ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ എഴുപത്തിയെട്ടാം പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വാക്സിനെടുക്കാനുള്ള പേടിയും മടിയും ഉപേക്ഷിച്ച് ജനങ്ങൾ സ്വമേധയാ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"ശാസ്ത്രത്തെ വിശ്വസിക്കാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ ശാസ്ത്രജ്ഞരെ വിശ്വസിക്കൂ. ധാരാളം ആളുകൾ വാക്സിൻ എടുത്തിട്ടുണ്ട്. ഞാൻ രണ്ട് ഡോസുകളും എടുത്തിട്ടുണ്ട്. എന്റെ അമ്മയ്ക്ക് ഏകദേശം നൂറ് വയസ് പ്രായമുണ്ട്, രണ്ട് വാക്സിനുകളും എടുത്തിട്ടുണ്ട്. ദയവായി നെഗറ്റീവ് കിംവദന്തികളെ വിശ്വസിക്കാതിരിക്കൂ. വാക്സിനേഷൻ എടുക്കുന്നതിലൂടെ മാത്രമേ ഒരാൾക്ക് മാരകമായ രോഗത്തിൽ നിന്ന് സ്വയം രക്ഷനേടാനാകൂ .നമ്മളെല്ലാവരും വാക്സിനെടുക്കുകയും ചുറ്റുമുള്ള ആൾക്കാർക്ക് വാക്സിനേഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണം. ഒപ്പം കൊവിഡ് പ്രോട്ടോക്കോളുകൾ പിന്തുടരുകയും വേണം, അദ്ദേഹം ആവശ്യപ്പെട്ടു.

ഡിസംബർ അവസാനത്തോടെ രാജ്യത്തെല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പിനാവശ്യമായ വാക്സിൻ ലഭ്യമാക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. കഴിഞ്ഞ ആറുദിവസത്തിനുള്ളിൽ 3.77 കോടി ജനങ്ങളാണ് വാക്സിൻ സ്വീകരിച്ചത്. വാക്സിനേഷന്റെ കാര്യത്തിൽ ഇപ്പോഴുള്ള ഊർജസ്വലത നിലനിറുത്തണമെന്നും ഇതിനായി സന്നദ്ധ സംഘടനകളടക്കമുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.