ജയ്പൂർ: മാരകമായ ഡെൽറ്റ പ്ലസ് വൈറസുകളെ പ്രതിരോധിക്കാൻ കൊവാക്സിന് കഴിയുമെന്ന് റിപ്പോർട്ട്. രാജസ്ഥാൻ കാരിയായ അറുപത്തഞ്ചുകാരിയാണ് കൊവാക്സിൻ രണ്ട് ഡോസും സ്വീകരിച്ചതിലൂടെ ഡെൽറ്റ പ്ലസ് വൈറസിൽ നിന്ന് പൂർണമോചനം നേടിയത്. വീട്ടിൽ വച്ചുള്ള ചികിത്സയിലൂടെയാണ് ഇവർ കൊവിഡ് മുക്തയായത്.
കൊവിഡ് ബാധിച്ച ഇവരുടെ സ്രവ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്. രാജസ്ഥാനിൽ ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച ആദ്യ കേസാണിതെന്ന് ബിക്കാനീർ ചീഫ് മെഡിക്കൽ ആന്റ് ഹെൽത്ത് ഓഫീസർ ഡോ. ഒ പി ചഹാർ പറഞ്ഞു.
അതേസമയം രാജസ്ഥാനിലെ കൊവിഡ് രോഗികളുടെ ആകെ എണ്ണം 9,51,826 ആണ്. മരണമടഞ്ഞവരുടെ എണ്ണം 8,905 ആയി. സംസ്ഥാനത്ത് 1,873 സജീവ കേസുകളുണ്ട്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഡെൽറ്റ പ്ലസ് വൈറസുകളുടെ സാന്നിദ്ധ്യം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. മദ്ധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലും ഡെൽറ്റ പ്ളസ് വകഭേദം ബാധിച്ച് മരണം റിപ്പോർട്ടുചെയ്തു. മധുരയിലെ ഒരാളാണ് മരിച്ചത്. തമിഴ്‌നാട്ടിൽ ഇതുവരെ ഒമ്പതുപേർക്കാണ് ഡെൽറ്റ പ്ളസ് വകഭേദം സ്ഥിരീകരിച്ചത്.