police

കൊവിഡ് കാലത്ത് പൊലീസ് ചെയ്യുന്ന ഒരുപാട് നല്ല കാര്യങ്ങളുണ്ട്. നിരവധി പേർക്ക് ഉദ്യോഗസ്ഥർ കൈത്താങ്ങാകാറുണ്ട്. അത്തരം വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ ഒരെണ്ണം കൂടി. ഒരു കൊച്ചു മിടുക്കന്റെ ആഗ്രഹമാണ് പൊലീസ് സാധിപ്പിച്ചുകൊടുത്തത്.


ക്വാറന്റീനിൽ കഴിയുന്ന വീട്ടിലേക്ക് വിളിച്ച് ഫോണെടുത്ത കുട്ടിയോട് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് പൊലീസ് ഉദ്യോഗസ്ഥർ ചോദിക്കുകയായിരുന്നു. തന്റെ ദുരിതങ്ങൾ പറഞ്ഞശേഷം, ചിക്കൻ കഴിച്ചിട്ട് കുറേ കാലമായെന്ന് കുട്ടി പറഞ്ഞു. ഇതിനുപിന്നാലെ പുസ്‌തകങ്ങളും, ചിക്കനുമുൾപ്പടെ കുട്ടി ചോദിച്ച സാധനങ്ങളെല്ലാം പൊലീസ് വീട്ടിലെത്തിച്ച് കൊടുത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

തൃശൂർ റൂറൽ

മാള പോലീസ് സ്റ്റേഷൻ പരിധിയിലെ വടമ എന്ന സ്ഥലത്ത് ഇന്ന് മാള സ്റ്റേഷനിലെ പോലീസുകാരായ Cpo 7400 സജിത്ത് Cpo 7508 മാർട്ടിൻ എന്നിവർ ക്വാറൻ്റിൻ ചെക്കിനിടയിൽ ഒരു വീട്ടിലേക്ക് വിളിച്ചപ്പോൾ ഒരുകുട്ടിയാണ് ഫോൺ എടുത്തത് അവൻ 5 ആം ക്ലാസ്സിലാണ് പഠിക്കുന്നതെന്നും അച്ഛൻ രാമകൃഷ്ണൻ അഞ്ചുവർഷമായി തളർന്നുകിടക്കുകയാണെന്നും 'അമ്മ ഇടക്കൊക്കെ പണിക്ക്പോയാണ് കുടുംബം കഴിയുന്നത് എന്നും ഇപ്പോൾ എല്ലാവർക്കും കോവിഡ് ബാധിച്ചിരിക്കുകയാണ്.

കുട്ടിയോട് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ അവന് ചിക്കൻ വേണമെന്നും കുറേനാളായി കഴിച്ചിട്ടെന്നും വീട്ടിൽ സാധനങ്ങളൊന്നുമില്ല പഠിക്കാൻ പുസ്തകമോ പെൻസിലോ ഒന്നുമില്ല എന്നറിയിച്ചു.അവനോട് മിടുക്കനായി പഠിക്കണം എന്നൊക്കെ പറഞ്ഞു. അവൻറെ കാര്യം കാവനാട് യുവജന കൂട്ടായ്മയിലെ പ്രവർത്തകരോട് പറഞ്ഞപ്പോൾ കുട്ടി ചോദിച്ച സാധനങ്ങളെല്ലാം മാള ജനമൈത്രി പോലീസ് അവന്റെ വീട്ടിലെത്തിച്ചുകൊടുത്തു.