അബുദാബി: ഇന്ത്യയിൽ നിന്ന് യു എ യിലേക്കുള്ള വിമാന സർവീസുകൾ അടുത്തമാസം ഏഴാംതീയതിയോടെ പുനരാരംഭിച്ചേക്കുമെന്ന് സൂചന നൽകി എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതർ. ഒരു യാത്രക്കാരന്റെ ചോദ്യത്തിനുള്ള മറുപടിയായി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു എ ഇ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്ന് ഇതിനായുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു. സർവീസുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തുവിടുമെന്നും എയര്‍ലൈന്‍സ് അധികൃതർ പറഞ്ഞു.
അതിനിടെ, എമിറേറ്റ്സിന്റെ വെബ് സൈറ്റില്‍ അടുത്തമാസം 7 മുതലുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്സ്പ്രസ്, മറ്റു സ്വകാര്യ വിമാനകമ്പനികള്‍ എന്നിവ ഇതുവരെ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിച്ചിട്ടില്ല. എമിറേറ്റ്സിന്റെ മുംബയിൽ നിന്ന് ദുബായിലേയ്ക്ക് വണ്‍വേ എക്കണോമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ്. ജൂലായ് 6 വരെയാണ് നിലവില്‍ ഇന്ത്യ യുഎഇ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.