മീററ്റ്: വനിതാ കോൺസ്റ്റബിളിനെ പൊലീസ് ഉദ്യോഗസ്ഥനായ ഭർതൃപിതാവ് പീഡിപ്പിച്ചു. ഇതറിഞ്ഞ പൊലീസുകാരായ ഭർത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തി. ഉത്തർപ്രദേശിലെ ഒരു പൊലീസ് കുടുംബത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ നടന്നത്. മീററ്റിലെ ഒരു സ്റ്റേഷനിലെ കോൺസ്റ്റബിളാണ് യുവതി.
രാത്രിയിൽ വീട്ടിൽ തനിച്ചായിരുന്നപ്പോഴാണ് റിസർവ് പൊലീസ് സേനയിലെ ഉദ്യോഗസ്ഥനായ നസീർ യുവതിയെ പീഡിപ്പിച്ചത്. സംഭവം പുറത്താരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ യുവതി ഇക്കാര്യം ഭർത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ ആബിദിനോട് പറഞ്ഞു. ഭാര്യയെ സഹായിക്കുന്നതിനുപകരം സംഭവം അറിഞ്ഞയുടൻ മുത്തലാഖ് ചൊല്ലി ബന്ധം പേർപെടുത്തുകയായിരുന്നു. രാജ്യത്ത് മുത്തലാഖിന് നിരോധനമുണ്ട്.
ഇതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രധാന പ്രതി നസീർ, മകൻ ആബിദ് എന്നിവർക്കെതിരെ കേസെടുത്തു. മൂന്നുവർഷം മുമ്പാണ് യുവതിയെ ആബിദ് വിവാഹം കഴിച്ചത്. അന്നുമുതൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്നും യുവതി പരാതിയിൽ പറയുന്നു.