pcc

ഹൈദരാബാദ്​: തെലങ്കാന പി.സി.സി ഭാരവാഹികളെ എ.ഐ.സി.സി പ്രഖ്യാപിച്ചു.രേവന്ത്​ റെഡ്ഡി എം.പിയാണ്​ കോൺഗ്രസ്​ പ്രസിഡന്റ്. 2019ൽ ഹുസൂർ നഗറിലുണ്ടായ ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന്​ പിന്നാലെ ഉത്തം കുമാർ റെഡ്ഡി രാജിവച്ച ഒഴിവിലേക്കാണ്​ രേവന്തിന്റെ നിയമനം.മാരത്തോൺ ചർച്ചകൾക്ക്​ ശേഷം എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിദ്ധ്യം നൽകിയാണ്​ പുതിയ കമ്മറ്റിയെ എ.ഐ.സി.സി നിയമിച്ചിരിക്കുന്നത്​.

മുൻ ഇന്ത്യൻ ക്രിക്കറ്റ്​ ടീം നായകൻ മുഹമ്മദ്​ അസറുദ്ദീൻ, ഗീത റെഡ്ഡി, അഞ്​ജൻ കുമാർ യാദവ്​, ടി. ജഗ റെഡ്ഡി, മഹേഷ്​ കുമാർ ഗൗഡ​ എന്നിവരാണ്​ പുതിയ വർക്കിംഗ്​ പ്രസിഡന്റുമാ‌ർ‌. പുതിയ കമ്മറ്റിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരമാണ്​ നിയമിച്ചിരിക്കുന്നത്​.

തെലങ്കാനയിൽ ശക്തമായ സ്വാധീനമുള്ള റെഡ്ഡി വിഭാഗത്തിൽ നിന്ന് അദ്ധ്യക്ഷ​നെ നിയമിക്കുന്ന പതിവ്​ ഇക്കുറിയും കോൺഗ്രസ്​ തെറ്റിച്ചിട്ടില്ല​. നിലവിലെ ഭരണത്തിൽ റെഡ്ഡികൾ അസംതൃപ്​തരാണെന്ന്​ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.