തിരുവനന്തപുരം: നഗരത്തിൽ നിന്ന് 100 കിലോയിലധികം കഞ്ചാവ് പൊലീസ് പിടികൂടി. ചാക്ക ബൈപ്പാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
രാവിലെ പൂജപ്പുരയിൽ നിന്ന് ശ്രീറാമെന്നയാളെ 11 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചാക്കയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് 46 പായ്ക്കറ്റുകളിലായി സൂക്ഷിച്ച 100 കിലോയിലധികം പിടിച്ചെടുത്തത്. സംഭവസ്ഥലത്തുണ്ടായിരുന്ന തമിഴ്നാട് സ്വദേശി മുഹമ്മദ് മൊയ്തീനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നും ഇന്നലെ രാത്രി എത്തിച്ച കഞ്ചാവ്, ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വിൽപ്പന നടത്താനായിരുന്നു ശ്രമമെന്നാണ് പൊലീസ് പറയുന്നത്. കഞ്ചാവ് കൊണ്ടുവന്ന വാഹനം കണ്ടെത്തുന്നതിനുളള ശ്രമവും തുടരുകയാണ്.