e-way

കൊച്ചി: കൊവിഡ് കേസുകൾ കുറഞ്ഞതിന്റെ ചുവടുപിടിച്ച് ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ, സമ്പദ്‌വ്യവസ്ഥ വീണ്ടും സജീവമാകുന്നു. സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും ഉഷാറാകുന്നുവെന്ന് സൂചിപ്പിച്ച് ജി.എസ്.ടിയിലെ ഇ-വേ ബിൽ ജനറേഷനിൽ വൻ വർദ്ധന ഈമാസം ആദ്യ 20 ദിവസങ്ങളിലുണ്ടായി. ഇ-വേ ബില്ലുകളുടെ എണ്ണത്തിൽ മേയ് മാസത്തെ സമാനകാലത്തെ അപേക്ഷിച്ച് 34 ശതമാനവും മൂല്യത്തിൽ 20 ശതമാനവും വർദ്ധനയുണ്ടായി.

ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തവർ 50,000 രൂപയ്ക്കുമേലുള്ള ഉത്‌പന്നങ്ങൾ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകുമ്പോൾ ജനറേറ്റ് ചെയ്യേണ്ടതാണ് (കൈവശം സൂക്ഷിക്കേണ്ട) ഇ-വേ ബിൽ. ഇ-വേ ബില്ലുകൾ കൂടുന്നതിന്റെ അർത്ഥം സമ്പദ്‌പ്രവർത്തനങ്ങൾ സജീവമാകുന്നു എന്നതാണ്. ഇത്, ജി.എസ്.ടി സമാഹരണം ഉയരാനും സഹായിക്കും. ഓരോ മാസത്തെയും ജി.എസ്.ടി കളക്ഷൻ സംബന്ധിച്ച വിവരങ്ങൾ തൊട്ടടുത്തമാസത്തെ ഒന്നാം തീയതിയിൽ അറിയാം.

മേയിലെ അവസാനത്തെ പത്ത് ദിവസം മുതൽ ഇ-വേ ബില്ലുകളിൽ വർദ്ധനയുണ്ടെന്ന് ധനമന്ത്രാലയത്തിന്റെ വിവരങ്ങൾ വ്യക്തമാക്കുന്നു. കൊവിഡ് രണ്ടാംതരംഗ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഇ-വേ ബിൽ ജനറേഷനിൽ ഇടിവുണ്ടായിരുന്നു. മേയിലെ ആദ്യ 20 ദിവസങ്ങളിൽ കനത്ത ഇടിവുണ്ടായി. ഒട്ടുമിക്ക സംസ്ഥാനങ്ങളും കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചതാണ് കാരണം. ഇന്ത്യയിലെ മൊത്തം സജീവ കൊവിഡ് കേസുകളിൽ 75 ശതമാനവും കേരളം, മഹാരാഷ്‌ട്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങി പത്ത് സംസ്ഥാനങ്ങളിലാണ്. ഇന്ത്യയുടെ ജി.ഡി.പിയിൽ 63 ശതമാനവും ഈ പത്ത് സംസ്ഥാനങ്ങളുടെ സംയുക്ത സംഭാവനയാണ്. മഹാരാഷ്‌ട്ര, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളാണ് കൂടുതൽ പങ്കും വഹിക്കുന്നത്.

ജി.എസ്.ടി സമാഹരണം

(2020-21)

ഏപ്രിൽ : ₹32,172 കോടി

മേയ് : ₹62,151 കോടി

ജൂൺ : ₹90,917 കോടി

ജൂലായ് : ₹87,422 കോടി

ആഗസ്‌റ്റ് : ₹86,449 കോടി

സെപ്‌തംബർ : ₹95,480 കോടി

ഒക്‌ടോബർ : ₹1.05 ലക്ഷം കോടി

നവംബർ : ₹1.04 ലക്ഷം കോടി

ഡിസംബർ : ₹1.15 ലക്ഷം കോടി

ജനുവരി : ₹1.19 ലക്ഷം കോടി

ഫെബ്രുവരി : ₹1.13 ലക്ഷം കോടി

മാർച്ച് : ₹1.23 ലക്ഷം കോടി

(2021-22)

ഏപ്രിൽ : ₹1.41 ലക്ഷം കോടി

മേയ് : ₹1.02 ലക്ഷം കോടി

ഇ-വേ ബിൽ

 മേയ് 1-20 : 2.49 കോടി, മൂല്യം : ₹8.79 ലക്ഷം കോടി

 ജൂൺ 1-20 : 3.28 കോടി, മൂല്യം : ₹10.38 ലക്ഷം കോടി