തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാന സർക്കാരിന്റെ സൗജന്യ ആംബുലൻസ് സേവനമായ കനിവ് 108 ആംബുലൻസുകൾ ഇതുവരെ വിശ്രമില്ലാത്ത ഓട്ടത്തിൽ കനിവേകിയത് 69,205 ആളുകൾക്ക്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ തന്നെ മുൻനിര പ്രവർത്തനങ്ങളിൽ സജീവമാണ് കനിവ് 108 ആംബുലൻസുകൾ. 316 'കനിവ് 108" ആംബുലൻസുകളാണ് സംസ്ഥാനത്തുടനീളം സേവനമനുഷ്ഠിക്കുന്നത്. അതിൽ 290 ആംബുലൻസുകൾ വിവിധ ജില്ലാ ഭരണകൂടങ്ങൾക്ക് കീഴിൽ കൊവിഡ് പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. മുൻനിര കൊവിഡ് പോരാളികളായി 1500 ഓളം ജീവനക്കാരാണ് സേവനമനുഷ്ഠിക്കുന്നത്.
രണ്ടാം തരംഗത്തിൽ 92 ദിവസം
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ മാർച്ച് 25 മുതൽ ജൂൺ 25 വരെയുള്ള 92 ദിവസത്തെ കണക്കുകൾ അനുസരിച്ച് 69,205 ആളുകൾക്കാണ് സംസ്ഥാനത്തുടനീളം കൊവിഡ് അനുബന്ധ സേവനങ്ങൾ എത്തിച്ചത്. ഇക്കാലയളവിൽ 55,872 ട്രിപ്പുകളാണ് കൊവിഡിന് മാത്രമായി നടത്തിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ആളുകൾക്ക് സേവനം ലഭിച്ചത്. ഇവിടെ 10,471 ആളുകൾക്ക് കോവിഡ് അനുബന്ധ സേവനങ്ങൾ എത്തിക്കാൻ കനിവ് ആംബുലൻസുകൾക്ക് കഴിഞ്ഞു. കൊവിഡ് പോസിറ്റീവ് ആയവരെ വീടുകളിൽ നിന്ന് കൊവിഡ് കെയർ സെന്ററുകളിലേക്കും അവിടെ നിന്ന് ആശുപത്രികളിലേക്കും, കൊവിഡ് പരിശോധനകൾക്കും മറ്റുമാണ് കനിവ് 108 ആംബുലൻസുകളുടെ സേവനം കൂടുതലും ഉപയോഗപ്പെടുത്തുന്നത്. ലോക്ക് ഡൗൺ കാലയളവിൽ വിവിധ ജില്ലാ ഭരണകൂടങ്ങളുടെ നിർദേശ പ്രകാരം വിദഗ്ദ്ധ ചികിത്സയ്ക്ക് രോഗികളെ മാറ്റുന്നതിനും 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കി വരുന്നു.
2020 ജനുവരി മുതലാണ് സംസ്ഥാനത്ത് കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കി തുടങ്ങിയത്. നാളിതുവരെയായി 2,65,827 കൊവിഡ് അനുബന്ധ ട്രിപ്പുകൾ കനിവ് 108 ആംബുലൻസുകൾ ഓടുകയും ഇതിലൂടെ 3,70,955 ആളുകൾക്ക് കൊവിഡ് അനുബന്ധ സേവനം നൽകുകയും ചെയ്തു. കൊവിഡ് ബാധിതരായ മൂന്ന് യുവതികളുടെ പ്രസവവും കനിവ് ആംബുലൻസിനുള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ നടന്നു.
കനിവ് സഹായം ലഭിച്ചവരുടെ എണ്ണം ജില്ലാ അടിസ്ഥാനത്തിൽ
തിരുവനന്തപുരം - 6149
കൊല്ലം - 6556
പത്തനംതിട്ട - 2362
ആലപ്പുഴ -1950
കോട്ടയം - 4240
ഇടുക്കി - 237
എറണാകുളം - 5549
തൃശൂർ - 5394
പാലക്കാട്- 10,471
മലപ്പുറം - 7180
കോഴിക്കോട് - 5744
വയനാട് - 3532
കണ്ണൂർ - 4188
കാസർകോട് - 3518
രണ്ടാം തരംഗം നേരിടാനുള്ള ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ ആംബുലൻസുകളും ജീവനക്കാരും സജീവമാണ്. മികച്ച സേവനം നടത്തുന്ന എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നു - വീണാ ജോർജ്, ആരോഗ്യമന്ത്രി