v

പുതുച്ചേരി: എൻ.രംഗസാമി മുഖ്യമന്ത്രിയായി അധികാരമേറ്റ്​ 50 ദിവസങ്ങൾക്ക്​ ശേഷം പുതുച്ചേരിയിൽ അഞ്ച്​ എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്​തു. ബി.ജെ.പിയുടെ രണ്ടുപേർ മന്ത്രിമാരായി. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട്​ ആഴ്​ചകളായി നീണ്ടുനിന്ന എൻ.ആർ കോൺഗ്രസ്​ -ബി.ജെ.പി ചർച്ചകൾ കഴിഞ്ഞ ദിവസമാണ്​ അവസാനിച്ചത്​.

തിരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ്​ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലേക്ക്​ ചേക്കേറിയ നമശിവായവും സായ്​ ജെ. ശരവണൻ കുമാറുമാണ് ബി.ജെ.പി മന്ത്രിമാ‌ർ. കെ. ലക്ഷ്​മിനാരായണൻ, സി. ജ്യേകുമാർ, ചന്ദിര പ്രിയങ്ക എന്നിവരാണ്​ എൻ.ആർ കോൺഗ്രസിൽ നിന്നുള്ള മന്ത്രിസഭാംഗങ്ങൾ. നാല്​ പതിറ്റാണ്ടിനിടെ പുതുച്ചേരിയിൽ നിന്നുള്ള ആദ്യ വനിത മന്ത്രിയാണ് ചന്ദിര.

ഗവർണർ തമിഴിസൈ സൗന്ദർരാജൻ മന്ത്രിമാർക്ക്​ സത്യവാചകം ചൊല്ലിക്കൊടുത്തു. മേയ്​ ഏഴിന്​ രംഗസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തെങ്കിലും ഇരുപാർട്ടികളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന്​ മന്ത്രിസഭ രൂപീകരണം നീളുകയായിരുന്നു.