സഗ്രീബ് : ഒരു യൂറോയിൽ താഴെ വിലയുള്ള വീടുകൾ ഇറ്റലിയിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന വാർത്ത ലോകശ്രദ്ധ നേടിയതിന് പിന്നാലെ ഇപ്പോൾ മറ്റൊരു രാജ്യവും ഇതേ മാതൃകയിൽ തകർപ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ്. ഒരു യൂറോയല്ല, അതിന്റെ പകുതിയിലും താഴെ മാത്രം തുകയ്ക്ക് അതിമനോഹരമായ പുരാതനമായ വീടുകൾ വിൽക്കുന്നതാണ് പദ്ധതി. യൂറോപ്യൻ യൂണിയന്റെ ഭാഗമായ ക്രൊയേഷ്യയാണ് ഇറ്റലി തുടങ്ങിവച്ച ഓഫറിനെ വെല്ലുന്ന മൊഗാ ഓഫറുമായി മുന്നോട്ടുവന്നിരിക്കുന്നത്.
ഇതാണ് ഡീൽ...
വടക്കൻ ക്രൊയേഷ്യയിൽ ജനസാന്ദ്രത കുറഞ്ഞ ലെഗ്രാഡ് എന്ന ഗ്രാമത്തിലാണ് വീടുകൾ വില്പനയ്ക്കുള്ളത്. ജനസംഖ്യ വളരെ കുറഞ്ഞ ഈ പ്രദേശത്തേയ്ക്ക് ജനങ്ങളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടത്തെ ആൾത്താമസമില്ലാത്ത വീടുകൾ വിൽക്കാൻ തീരുമാനിച്ചത്.
പിന്നിട്ടത്
പ്രതാപകാലം
ഒരുകാലത്ത് ക്രൊയേഷ്യയിൽ ജനസംഖ്യാഅടിസ്ഥാനത്തിൽ രണ്ടാമത്തെ വലിയ നഗരമായിരുന്നു ലെഗാർഡ്. പുതിയ തലമുറ നഗരം വിട്ട് പുതിയ ഇടങ്ങളിലേക്കു ചേക്കേറിയതോടെ ശൂന്യമായ വീടുകളുടെ കേന്ദ്രമായി ലെഗാർഡ്. ഇതോടെയാണ് ആളുകളെ ആകർഷിക്കാൻ മേയർ ഇവാൻ സബോലിക്കിന്റെ നേതൃത്വത്തിൽ പുതിയ പദ്ധതി അവതരിപ്പിച്ചത്.
മികച്ച ഓഫർ...
ഇവിടുത്തെ വീടുകൾക്ക് ക്രൊയേഷ്യൻ കറൻസിയായ ഒരു കുനയാണ് വില. അതായത് ഏകദേശം 11.83 ഇന്ത്യൻ രൂപയ്ക്കാണ് ഓരോവീടും വിൽക്കുന്നത്.
ഇത്രയും തുച്ഛമായ നിരക്കിൽ വീട് ലഭിക്കുമ്പോൾ വാങ്ങുന്നവർ തീർച്ചയായും ചില നിബന്ധനകളും പാലിക്കേണ്ടതുണ്ട്. വാങ്ങുന്നവർക്ക് പ്രായം 40 വയസ്സിൽ താഴെയായിരിക്കണം. ക്രൊയേഷ്യൻ പട്ടണമായ ലെഗ്രാഡിൽ കുറഞ്ഞത് 15 വർഷമെങ്കിലും താമസിക്കാൻ അവർ പ്രതിജ്ഞാബദ്ധരായിരിക്കണം. റഷ്യ, ഉക്രെയ്ൻ, തുർക്കി,കൊളംബിയ എന്നിവിടങ്ങളിൽ നിന്നുപോലും ആളുകൾ വീടുകൾ വാങ്ങാൻ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വീടുകൾക്ക് അറ്റകുറ്റപ്പണികൾ അനിവാര്യമായതിനാൽ, നവീകരണത്തിനായി 25,000 കുന വരെ ധനസഹായവും ഭരണകൂടം നല്കുന്നുണ്ട്.