വാഷിംഗ്ടൺ : വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ തുടങ്ങിയ വിമാനത്തിന്റെ ഏമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്ത് ചാടി. വീഴ്ചയിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുനൈറ്റഡ് എക്സ്പ്രസ് ഫ്ലൈറ്റ് 5365ൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിമാനത്തിൽ നിന്ന് ചാടുന്നതിന് മുൻപ് കോക്പിറ്റിലേക്ക് അതിക്രമിച്ച് കടക്കാനും ഇയാൾ ശ്രമിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റാർക്കും പരിക്കില്ലെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിട്രേഷൻ അറിയിച്ചു.സംഭവത്തെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയ വിമാനം മൂന്നു മണിക്കൂറിന് ശേഷമാണ് സാൾട്ട് ലേക്ക് സിറ്റിയിലേക്ക് പോയത്.
രണ്ടു ദിവസത്തിനുള്ളിൽ ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ നടക്കുന്ന രണ്ടാമത്തെ ഗുരുതര സംഭവമാണിത്. വ്യാഴാഴ്ച ഒരു കാർ ഡ്രൈവർ കാർഗോ ഫെസിലിറ്റിക്ക് സമീപം അനധികൃതമായി പ്രവേശിപ്പിച്ചിരുന്നു. പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് സുരക്ഷാ കാരണങ്ങളാൽ റൺവേകൾ ഭാഗീകമായി അടയ്ക്കുകയും ചെയ്തു.