കാൺപുർ: ഒരു ഗ്രാമത്തിൽ ജനിച്ച തന്നെപ്പോലുള്ള ഒരു സാധാരണക്കാരൻ രാജ്യത്തെ പരമോന്നത പദവിയിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും നമ്മുടെ ജനാധിപത്യ സംവിധാനം അത് സാദ്ധ്യമാക്കിയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തർപ്രദേശിലെ പരൗഖ് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
' ഇന്ന്, ഈ അവസരത്തിൽ, രാജ്യത്തെ സ്വാതന്ത്ര്യ സമരസേനാനികളേയും ഭരണഘടനയുടെ കരട് സമതിയേയും അവരുടെ ത്യാഗത്തിന്റേയും സംഭാവനയുടേയും പേരിൽ ഞാൻ നമിക്കുന്നു. ഞാൻ എവിടെയെങ്കിലും എത്തിച്ചേർന്നെങ്കിൽ അതിന്റെ ബഹുമതി ഈ ഗ്രാമത്തിന്റെ മണ്ണിനും എല്ലാവരുടെയും സ്‌നേഹത്തിനും അനുഗ്രഹത്തിനുമാണ് - അദ്ദേഹം പറഞ്ഞു.
ഭൂമിയിൽ തൊട്ടു വന്ദിച്ചാണ് അദ്ദേഹം പരൗഖിലേക്ക് പ്രവേശിച്ചത്. ജന്മനാടിന്റെ പ്രചോദനമാണ് ഹൈക്കോടതിയിൽ നിന്ന് സുപ്രീം കോടതിയിലേക്കും സുപ്രീം കോടതിയിൽ നിന്ന് രാജ്യസഭയിലേക്കും രാജ്യസഭയിൽ നിന്ന് രാജ്ഭവനിലേക്കും രാജ്ഭവനിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കും തന്നെ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.