കൊല്ലം: കേരളത്തിലെ സ്ത്രീധന പീഡനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ നേരിൽ കണ്ട് ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് സുരേഷ് ഗോപി എം.പി. സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണം. അച്ഛനമ്മമാരുടെ കൂട്ടായ്മ വേണമെന്നും സാമൂഹ്യനീതി വകുപ്പ് മുൻകൈ എടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. വിസ്മയയുടെ മാതാപിതാക്കളെയും സഹോദരനെയും കണ്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫെെൻ വിസ്മയുടെ വീട്ടിൽ വന്ന് പറഞ്ഞതിൽ നല്ല അംശങ്ങളൊക്കെയുണ്ട്. ചെയ്ത തെറ്റിന് അവരെ വിചാരണ ചെയ്തതിനും അവരെ ശിക്ഷിച്ചതിനുമൊന്നും എതിരല്ല താൻ. പക്ഷേ അവർ പറഞ്ഞ കാര്യങ്ങളിൽ ചിലത് ഒരു ചർച്ചയിൽ, ഒരു പ്രതിസംവിധാനം ഒരുക്കുമ്പോൾ വളരെ അത്യാവശ്യമാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. പൊലീസുകാർക്ക് എല്ലാം വിട്ടു കൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.