kk

ന്യൂഡൽഹി: രാജ്യത്ത് മൂന്നാംതരംഗം ഉടൻ ഉണ്ടാകാൻ ഇടയില്ലെന്ന് ഐ.സി.എം.ആർ വ്യക്തമാക്കി. ആറുമുതൽ എട്ടുമാസം വരെ വൈകാനാണ് സാദ്ധ്യതയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് ഐ.സി.എം.ആർ കൊവിഡ് വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ.കെ അറോറ പറഞ്ഞു അതിനാൽ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ കുത്തിവെക്കാൻ സാവകാശം ലഭിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

12 വയസിനുമേൽ പ്രായമുള്ള കുട്ടികൾക്ക് ഓഗസ്‌റ്റോടെ കൊവിഡ് വാക്‌സിൻ ലഭ്യമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ പ്രതിദിനം ഒരുകോടി പേർക്ക് വാക്‌സിൻ കുത്തിവെക്കാനാണ് ലക്ഷ്യമിടുന്നത്. സൈഡസ് കാഡില വാക്‌സിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണ്. ജൂലായ് അവസാനത്തോടെയോ ഓഗസ്‌റ്റോടെയോ ഈ വാക്‌സിൻ 12 18 പ്രായപരിധിയിലുള്ള കുട്ടികൾക്ക് കുത്തിവച്ച് തുടങ്ങാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ ഉപയോഗിച്ച് രണ്ട് മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ നടത്തിയ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ സെപ്തംബറിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ സമയം ആകുമ്പോഴേക്കും രാജ്യത്തെ കുട്ടികൾക്ക് വാക്‌സിൻ ലഭ്യമായേക്കും. ഫൈസർ വാക്‌സിന് അതിനുമുമ്പ് അനുമതി ലഭിച്ചാൽ അതും കുട്ടികൾക്ക് നൽകാൻ കഴിയും.