ttt

റിയാദ് : ഹജ്ജ് രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം ഹജ്ജ് പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ ഉടന്‍ ലഭിക്കുന്നതിന് പ്രത്യേക പരിഗണന നല്കുമെന്ന് ഹജ്ജ് ഉംറ കാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഒന്നാം ഡോസ് സ്വീകരിച്ച ശേഷം രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്കാണ് ഇതിനുള്ള സൗകര്യമൊരുക്കുക. ഇവര്‍ക്ക് ഹജ്ജ് രജിസ്‌ട്രേഷന്‍ വേളയില്‍ നല്‍കിയ മൊബൈലിലേക്ക് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട സന്ദേശം ലഭിക്കുമെന്നും എത്രയും പെട്ടെന്ന് തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്നുമാണ് നിർദ്ദേശം. രാജ്യത്ത് നിവനിൽക്കുന്ന കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ ഇത്തവണ ഹജ്ജിന് അനുമതി നല്‍കൂയെന്ന് ആരോഗ്യ മന്ത്രാലയവും നേരത്തേ വ്യക്തമാക്കിയിരുന്നു. ഹജ്ജ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ജൂലൈ ഒന്‍പതോടെ പൂര്‍ത്തിയാവും. അതേ സമയം ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടതായി ലഭിക്കുന്ന സന്ദേശങ്ങള്‍ അന്തിമമല്ലെന്നും ആരോഗ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് വിധേയമായി അവ വിജയകരമായി പൂർത്തീകരിച്ചാൽ മാത്രമേ അന്തിമ ലിസ്റ്റിൽ ഇടം നേടാനാവൂ. എന്തെങ്കിലും കാരണം കൊണ്ട് രജിസ്ട്രേഷൻ കാൻസലായാൽ ലിസ്റ്റിലുള്ള തൊട്ടടുത്തയാൾക്ക് അവസരം ലഭിക്കും .