forex

മുംബയ്: റെക്കാഡ് മുന്നേറ്റത്തിന് വിരാമമിട്ട് ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം കഴിഞ്ഞ 18ന് സമാപിച്ച ആഴ്‌ചയിൽ കനത്ത നഷ്‌ടം നേരിട്ടു. 414.8 കോടി ഡോളർ ഇടിഞ്ഞ് 60,393.3 കോടി ഡോളറിലേക്കാണ് ശേഖരം താഴ്‌ന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ ശേഖരം 307.4 കോടി ഡോളറിന്റെ വർദ്ധന രേഖപ്പെടുത്തിയിരുന്നു. വിദേശ നാണയ ആസ്‌തി (എഫ്.സി.എ) 191.8 കോടി ഡോളർ താഴ്‌ന്ന് 56,154 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയ ശേഖരത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്.

കരുതൽ സ്വർണ ശേഖരം 217 കോടി ഡോളർ താഴ്‌ന്ന് 3,593.1 കോടി ഡോളറിലെത്തിയതാണ് കഴിഞ്ഞവാരം മുഖ്യ തിരിച്ചടിയായത്. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ സ്വർണശേഖരം 49 കോടി ഡോളർ ഉയർന്നിരുന്നു. അന്താരാഷ്‌ട്ര നാണയ നിധിയിൽ (ഐ.എം.എഫ്) ഇന്ത്യയുടെ സ്‌പെഷ്യൽ ഡ്രോവിംഗ് റൈറ്റ്‌സ് (എസ്.ഡി.ആർ) 1.4 കോടി ഡോളർ താഴ്‌ന്ന് 149.9 കോടി ഡോളറായി. ഐ.എം.എഫിൽ ഇന്ത്യയുടെ കരുതൽ ധനം 4.6 കോടി ഡോളർ കുറഞ്ഞ് 496.5 കോടി ഡോളറിലുമെത്തി.