കല്ലമ്പലം: വീട്ടിൽ അതിക്രമിച്ച് കയറി വയോധികനെ മർദ്ദിച്ചതായി പരാതി. നാവായിക്കുളം ഡീസന്റ്മുക്ക് പറങ്കിമാംവിള വീട്ടിൽ കാസിംകുഞ്ഞി (84) നെയാണ് മൂന്നംഗ സംഘം വീട്ടിൽ കയറി മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ കാസിംകുഞ്ഞ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാഴ്ച മുൻപ് കാസിംകുഞ്ഞ് ഓടിച്ചിരുന്ന കാർ മറ്റൊരു ബൈക്കുമായി തട്ടിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിൽ. അക്രമികൾ വീട്ടിൽ അതിക്രമിച്ചുകയറി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തന്നെ കഴുത്തിൽ അമർത്തി കൊല്ലാൻ ശ്രമിക്കുകയും കൈ പിടിച്ചു തിരിക്കുകയും വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി കല്ലമ്പലം പൊലീസിന് കാസിംകുഞ്ഞ് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പരാതി വ്യാജമാണെന്നും ബൈക്ക് അപകടത്തിന്റെ ഒത്തുതീർപ്പിനാണ് വീട്ടിലെത്തിയതെന്നും അതിന് തയ്യാറാകാതെ കാസിംകുഞ്ഞ് പ്രകോപിതനാകുകയായിരുന്നുവെന്നും വാഹനാപകടത്തെക്കുറിച്ചും മറ്റും ഇദ്ദേഹത്തിനെതിരെ കല്ലമ്പലം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എതിർകക്ഷികൾ പറഞ്ഞു. ഇരുക്കൂട്ടരുടെയും പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കല്ലമ്പലം എസ്.ഐ രഞ്ജു പറഞ്ഞു. വീട്ടിൽ അതിക്രമിച്ച് കയറി വയോധികനെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും വർക്കല ഡി.വൈ.എസ്.പി ബാബുകുട്ടൻ അറിയിച്ചു.
ഫോട്ടോ: മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിനിരയായ വയോധികൻ (കാസിംകുഞ്ഞ്)