gg

ജനീവ: ലോകരാജ്യങ്ങളിൽ ഭീതി പടർത്തി അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വൈറസായ ഡെൽറ്റ പ്ലസ്​ വകഭേദത്തിനെതിരെ മുന്നറിയിപ്പുമായിലോകാരോഗ്യ സംഘടന. ഇവയെ നേരിടാനുള്ള പ്രധാന മാർഗം മാസ്​കും വാക്​സിനേഷനുമെന്ന് ഡബ്ല്യു.എച്ച്​.ഒയുടെ റഷ്യൻ പ്രതിനിധിയായ മെലിറ്റ വജ്​നോവിക്​ അറിയിച്ചു.

വാക്​സിനേഷൻ കൊണ്ടുമാത്രം ഡെൽറ്റ പ്ലസ്​ വകഭേദത്തെ ​പ്രതിരോധിക്കാനാകില്ല. വാക്സിനേഷനും മാസ്കും വേണം. ചുരുങ്ങിയ സമയത്തിനുള്ളിൽ മറ്റു പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. അല്ലാത്തപക്ഷം വീണ്ടും ലോക്​ഡൗണിലേക്ക്​ പോകേണ്ടിവരുമെന്നും മെലിറ്റ പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ്പ്​ സ്വീകരിക്കുന്നതിലൂടെ വൈറസ്​ പടരാനുള്ള സാദ്ധ്യത ഒരു പരിധി വരെ കുറയുമെന്നും രോഗം കഠിനമാകാതിരിക്കാൻ സഹായിക്കുമെന്നും മെലിറ്റ വിശദീകരിച്ചു. ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം അതി രൂക്ഷമാകാൻ കാരണമായ കൊവിഡ് വൈറസ് വകഭേദമാണ് ഡെൽറ്റ. ഇന്ത്യയിൽ തന്നെയാണ് ഡെൽറ്റയുടെ വ​കഭേദമായ ഡെൽറ്റ പ്ലസും കണ്ടെത്തിയത്.

അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി പതിനഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോ മീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 39.32 ലക്ഷം കടന്നു.പതിനാറ് കോടി അറുപത് ലക്ഷം പേരാണ് രോഗമുക്തി നേടിയത്.

ബ്രിട്ടന് ഭീഷണിയായി ഡെൽറ്റ

ബ്രിട്ടണിൽ വീണ്ടും കൊവിഡ് പിടിമുറുക്കുന്നതിന്റെ സൂചന നൽകി ഡെൽറ്റ വകഭേദം കൊവിഡ് രോഗികൾ കുതിച്ചുയരുന്നു. ഡെല്‍റ്റ കേസുകളില്‍ 46 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് രേഖപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 35,204 ഡെല്‍റ്റ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ രോഗബാധിതര്‍ 1,11,157 ആയി. ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 95 ശതമാനവും ഡെല്‍റ്റ വകഭേദം മൂലമാണെന്ന് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. ഇതിൽ 42 ശതമാനം കേസുകൾ ഡെൽറ്റ പ്ലസ് വകഭേദം മൂലമുണ്ടായതാണ്.

സൂക്ഷിക്കണം ലാംബ്ഡയേയും

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ലാംബ്ഡയെ അണ്ടർ ഇൻവെസ്റ്റിഗേഷൻ പട്ടികയിൽ ചേർത്തതായി ബ്രിട്ടണിലെ പൊതുജനാരോഗ്യ വകുപ്പ് വ്യക്തമാക്കി. പെറുവിലാണ് ലാംബ്ഡ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ലാംബ്ഡ ഇതുവരെ 26 രാജ്യങ്ങളില്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ലാംബ്ഡയുടെ രോഗവ്യാപന ശേഷിയെ പറ്റി ഗവേഷകർ പഠനം നടത്തി വരികയാണ്. സ്പൈക്ക് പ്രോട്ടീനില്‍ ലാംബ്ഡ വകഭേദം ഒന്നിലധികം ജനിതക രൂപാന്തരം കാണിക്കുന്നുവെന്ന് അടുത്തിടെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇതുവരെയുള്ള പഠനഫലങ്ങളനുസരിച്ച ് വാക്സിനുകൾ ലാംബ്ഡയെ ചെറുക്കാൻ ഫലപ്രദമാണെന്നാണ് വിലയിരുത്തൽ.