പേരൂർക്കട: കഴിഞ്ഞ മൂന്ന് വർഷമായി സ്വന്തമായി വീടില്ലാതെ നരകയാതനയിൽ കഴിഞ്ഞിരുന്ന ദമ്പതികൾക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം. ബി.ജെ.പി തുരുത്തുമൂല വാർഡ് കമ്മിറ്റിയുടെ ഇടപെടലിലൂടെ വഴയില കെ.ജി ലെയിൻ സ്വദേശികളായ അംബിക്കും ഭർത്താവ് ഷൈലേന്ദ്രനുമാണ് സ്വന്തമായി വീടായത്. വാടക വീടുകളിൽ മാറിമാറി കഴിയുകയും ഒടുവിൽ വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നതോടുകൂടി പേരൂർക്കട - വഴയില റോഡിന്റെ വശങ്ങളിൽ കുടിൽക്കെട്ടി വരെ താമസിക്കേണ്ട ഗതികേടിലായിരുന്നു ദമ്പതികൾ. വീടിന്റെ താക്കോൽദാനം കുമ്മനം രാജശേഖരൻ നിർവഹിച്ചു. ഇതിനൊപ്പം വാർഡിലെ ആശാവർക്കർമാരെ അദ്ദേഹം ആദരിക്കുകയും ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡന്റ് വി.ജി. ഗിരികുമാർ, പേരൂർക്കട ഏരിയ പ്രസിഡന്റ് വിജയകുമാർ, തുരുത്തും മൂല വാർഡ് കൗൺസിലർ രാജലക്ഷ്മി, വഴയില ശ്രീനാഥ്, ഹരികുമാർ, രാജീവ് എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ: ബി.ജെ.പി തുരുത്തുംമൂല വാർഡ് കമ്മിറ്റിയുടെ ഇടപെടലിലൂടെ അംബിക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം കുമ്മനം രാജശേഖരൻ നിർവഹിക്കുന്നു.