euro-cup

പ്രീ ക്വാർട്ടറി​ൽ ചെക്ക് റി​പ്പബ്ളി​ക്കി​നോട് 2-1ന് തോറ്റ് ഹോളണ്ട്

ബുഡാപെസ്റ്റ് : യൂറോ കപ്പി​ലെ പ്രീ ക്വാർട്ടർ അട്ടി​​മറി​യി​ൽ കരുത്തരായ ഹോളണ്ട് പുറത്തായി​ . ഇന്നലെ ചെക്ക് റി​പ്പബ്ളി​ക്കാണ് മറുപടി​യി​ല്ലാത്ത രണ്ടു ഗോളുകൾക്ക് ഓറഞ്ചുപടയെ പി​ഴി​ഞ്ഞുവി​ട്ടത്. ഗോൾ രഹി​​തമായ ആദ്യ പകുതി​ക്ക് ശേഷം 68-ാം മിനിട്ടിൽ തോമസ് ഹോൾസാണ് ചെക്കിനെ ഞെട്ടിച്ച ആദ്യ ഗോൾ നേടിയത്. 80-ാം മിനിട്ടിൽ പാട്രിക് ഷിക്ക് രണ്ടാം ഗോൾ നേടി.

ഗ്രൂപ്പ് റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചു വലിയ ആത്മവിശ്വാസത്തോടെ പ്രീ ക്വാർട്ടറിലേക്ക് കടന്ന ഹോളണ്ടിന് അപ്രതീക്ഷിതമായ തിരിച്ചടിയാണ് മൂന്നാം സ്ഥാനക്കാരായി മാത്രം പ്രീ ക്വാർട്ടറിലേക്ക് എത്താനായ ചെക്ക് നൽകിയത്. ആദ്യ പകുതിയിൽ ഹോളണ്ട് മികച്ചുനിന്നെങ്കിലും ഗോളടിക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ മത്തീസ് ഡിലിറ്റ് നേരിട്ട് ചുവപ്പുകാർഡ് കണ്ട് പുറത്തായതാണ് മത്സരത്തിലെ വഴിത്തിരിവായത്. പാട്രിക്ക് ഷിക്കിനെ ഫൗൾ ചെയ്തതിനാണ് 55-ാം മിനിട്ടിൽ ഡിലിറ്റ് റെഡ് കാർഡ് കണ്ടത്. ഇതോടെ ഓറഞ്ചുപട ബാക്ക് ഫുട്ടിലായത് മുതലെടുത്തുകൊണ്ടുള്ള കുതിപ്പാണ് ചെക്കിന് വിജയമൊരുക്കിയത്.

കലാസ് എടുത്ത ഒരു കോർണർ കിക്കിന് തലവച്ചാണ് ഹോൾസ് ആദ്യ ഗോൾ നേടിയത്. 12 മിനിട്ടിന് ശേഷം ഷിക്കിന് ഗോളടിക്കാൻ ബോക്സിലേക്ക് ഓടിക്കയറി പന്തെത്തിച്ചതും ഹോൾസാണ്. ജൂലായ് മൂന്നിന് ഡെന്മാർക്കിന് എതിരെയാണ് ചെക്ക് റിപ്പബ്ളിക്കിന്റെ ക്വാർട്ടർ ഫൈനൽ.