തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിനെതിരെ പരാതി. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സർക്കാരിനെ വഞ്ചിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാൻ ആണ് ഡി.ജി.പിക്ക് പരാതി നൽകിയത്. വ്യാജ രേഖകളുടെ പിൻബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യതകൾ അവകാശപ്പെടുകയും അത് വഴി ജനങ്ങളെയും സർക്കാരിനെയും തെറ്റിധരിപ്പിക്കുകയാണ് ഷാഹിദാ കമാലെന്നും പരാതിയിൽ ആരോപിക്കുന്നു.
2009 ലും 2011 ലും തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിലും ബികോം ബിരുദം മാത്രമാണ് തന്റെ വിദ്യാഭ്യാസ യോഗ്യതയായി ഷാഹിദ സൂചിപ്പിച്ചിരിക്കുന്നത്. പക്ഷേ 1987 90 കാലത്ത് അഞ്ചൽ സെന്റ് ജോൺസ് കോളജിൽ ബി.കോം പഠിച്ചെങ്കിലും പരീക്ഷ പാസായില്ലെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ഷാഹിദ പറയുന്നു, ഭർത്താവിന്റെ മരണ ശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബി.കോമും പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയെന്നും അവർ പറഞ്ഞു. എന്നാൽ ഏതു വർഷമാണ് ഈ ബിരുദങ്ങൾ നേടിയതെന്നോ ഏതു സർവകലാശാലയിൽ നിന്നാണ് ബിരുദമെന്നോ വീഡിയോയിൽ ഷാഹിദ വിശദീകരിച്ചിട്ടില്ല. ഇന്റർനാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് തനിക്ക് ഡിലിറ്റ് ബിരുദം ലഭിച്ചതെന്നും വീഡിയോയിൽ ഷാഹിദ പറഞ്ഞിരുന്നു,