തിരുവനന്തപുരം: ജീവിതത്തോട് പടപൊരുതി പൊലീസ് ഇൻസ്പെക്ടറായി ചുമതലയേറ്റ ആനി ശിവയുടെ ജീവിത കഥ കേരളമാകെ ചർച്ചചെയ്യുകയാണ്. എന്നാൽ വർക്കല സബ് ഇൻസ്പെക്ടറായ ആനിക്ക് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ച വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കുടുംബം എറണാകുളത്താണെന്നും സ്ഥലമാറ്റം വേണമെന്നും ആനി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് വർക്കലയിൽ നിന്നും എറണാകുളത്തേക്ക് മാറ്റിയത്.
ശിവഗിരി തീർഥാടന സമയത്ത് നാരാങ്ങവെള്ളവും ഐസ്‌ക്രീമും വിറ്റ് ജീവിച്ചിരുന്ന പെൺകുട്ടി വർഷങ്ങൾക്കിപ്പുറം അതേ സ്ഥലത്ത് ഔദ്യോഗിക വാഹനത്തിൽ സബ് ഇൻസ്‌പെക്ടർ ആയ വാർത്ത ഏറെ ശ്രദ്ധയോടെയാണ് ഏവരും നോക്കിക്കണ്ടത്. കോളജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ ആനി ശിവ എന്ന പെൺകുട്ടിയുടെ ജീവിതം മാറിമറിയുന്നത്. കാഞ്ഞിരംകുളം കെ.എൻ.എം. ഗവ. കോളജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയായിരിക്കുമ്പോൾ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സുഹൃത്തുമായി ജീവിതം ആരംഭിച്ചു. ഒരു കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോൾ ഈ കൂട്ട് നഷ്ടമായി.
കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പ്രശ്‌നങ്ങൾ ഉടലെടുത്തു. തുടർന്ന് അമ്മൂമ്മയുടെ വീട്ടിലെ ചായ്പ്പിലായി താമസം. ഈ കാലത്ത് പല ജോലികളും നോക്കിയിരുന്നു. കറിപൗഡറും സോപ്പും കൊണ്ടു നടന്നു വിൽക്കൽ, ഇൻഷുറൻസ് ഏജന്റ്. വിദ്യാർത്ഥികൾക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കി കൊടുക്കൽ, ഉത്സവ വേദികളിൽ ചെറിയ കച്ചവടം തുടങ്ങി പല ജോലികളും ചെയ്തു. ഇതിനിടയിൽ കോളേജും മുടക്കിയിരുന്നില്ല. കഷ്ടപ്പാടുകൾക്കിടയിലും പഠിച്ച് സോഷ്യോളജിയിൽ ബിരുദം നേടി. പിന്നീടാണ് ഒരു സർക്കാർ ജോലി വേണം എന്ന സ്വപ്നം മനസിൽ കടന്ന് കൂടിയത്. അവിടെ നിന്നാണ് ഇന്ന് എസ്.ഐ കുപ്പായത്തിൽ ആനി ശിവ എത്തിനിൽക്കുന്നത്.