ജീവിതത്തോട് പടപൊരുതി പൊലീസ് ഇൻസ്പെക്ടറായി ചുമതലയേറ്റ ആനി ശിവയെ അഭിനന്ദിച്ചു കൊണ്ടുളള നടൻ ഉണ്ണി മുകുന്ദന്റെ പോസ്റ്റ് വിവാദമാകുന്നു. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാദ്ധ്യമാകുന്നത് എന്ന് ആനിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് താരം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ആനി യഥാർത്ഥ പോരാളിയാണെന്നും എല്ലാവർക്കും പ്രചോദനമാണെന്നും ഉണ്ണി പോസ്റ്റിൽ പറയുന്നു.
എന്നാൽ ഉണ്ണിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാവുകയായിരുന്നു. ഫെമിനിസ്റ്റുകളെ ഉദ്ദേശിച്ചാണെന്നും സ്ത്രീശാക്തീകരണം പറഞ്ഞ് നടക്കുന്ന ചിലരെ ഉദ്ദേശിച്ചാണെന്നും അഭിപ്രായം ഉയർന്നു. അതേസമയം, നാട്ടിലെ പ്രമുഖ ആൾ ദെെവത്തെ അപമാനിച്ചത് ശരിയായില്ലെന്നായി മറ്റു ചിലർ. വലിയ പൊട്ടിട്ട സിനിമാ, രാഷ്ട്രീയ പ്രവർത്തകരുടെ ഫോട്ടോ കമന്റ് ചെയ്തു കൊണ്ടുളള പ്രതികരണങ്ങളും ഉണ്ണിയുടെ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടു.
വലിയ മസിൽ ഉള്ളതല്ല, അല്പം ചിന്തിക്കാനുള്ള ബുദ്ധി ഉള്ളതാണ് ആണത്തം എന്ന് പറഞ്ഞാൽ കൂടിപ്പോവുമോ? മസിൽ ഉള്ള യുവാക്കൾക്ക് ബുദ്ധിയില്ല എന്ന പൊതുബോധം ശക്തിപ്പെടുത്തി എത്ര യുവാക്കളെയാണ് അയാൾ അവഹേളിക്കുന്നത്! അരക്കിലോ പ്രോട്ടീൻ പൗഡർ ആരേലും ലവന്റെ വായിൽ കൊണ്ട് തട്ട് തുടങ്ങിയ പ്രതികരണങ്ങളും ഉണ്ണിയുടെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു.